Representative Image| Photo: Canva.com
ആധികളെയും അലട്ടലുകളെയുമൊക്കെ മാറ്റിവെച്ച് സുഖമായി ഒന്നുറങ്ങാൻ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ചിലർക്ക് എത്ര ഉറങ്ങിയാലും മതിയാകില്ല, ഇനി ചിലർക്കാകട്ടെ മതിയായ ഉറക്കം കിട്ടാനും പാടാണ്. ഉറക്കം കൂടുന്നതും കുറയുന്നതുമൊക്കെ ആരോഗ്യത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ലോക നിദ്രാദിനത്തിന് പ്രസക്തിയേറുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ലോക നിദ്രാദിനമായി ആചരിക്കുന്നത്.
ഗ്ലോബൽ സ്ലീപ് സൊസൈറ്റിയുടെ ഭാഗമായ വേൾഡ് സ്ലീപ് ഡേ കമ്മിറ്റിയാണ് ലോകനിദ്രാ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 2008 മുതലാണ് നിദ്രാദിനം ആചരിച്ചു തുടങ്ങിയത്. ഉറക്കക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുകയും അതുവഴി സമൂഹത്തിലെ ഉറക്കക്കുറവിനെ ഇല്ലാതാക്കുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതം എന്നതാണ് ഈ വർഷത്തെ ലോക നിദ്രാദിനത്തിന്റെ തീം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് പ്രസ്തുത തീം. ഭക്ഷണം കഴിക്കുന്നതും വ്യായാമവുമൊക്കെ പോലെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ഉറക്കവും പ്രധാനമാണ്. എന്നാൽ പലരും ഉറക്കത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് മാത്രമല്ല മതിയായ ഉറക്കം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക നിദ്രാദിനം ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നത്.
നിത്യവും ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് കണക്ക്. ഉറക്കത്തിൽ കൃത്യത പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭാവിയിൽ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിച്ചേക്കാം. ഹൃദ്രോഗത്തിനുള്ള സാധ്യത മുതൽ ആർത്രൈറ്റസ്, പൊണ്ണത്തടി, രക്തസമ്മർദ്ദം, വിഷാദം, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കുണ്ടാവുന്ന തകരാറുകൾ, ശ്രദ്ധക്കുറവ് തുടങ്ങിയ മാനസിക ശാരീരിക രോഗാവസ്ഥകളിലേക്ക് നയിക്കാം.
നല്ല ഉറക്കത്തിന് വേണ്ട ചില നിർദേശങ്ങൾ
- ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുക.
- ദിവസവും 7-8 മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.
- ഉറങ്ങുന്ന മുറി നിശ്ശബ്ദവും ഇരുണ്ടതും തണുപ്പുള്ളതും ആണെന്ന് ഉറപ്പുവരുത്തുക.
- കിടക്കാൻ പോകുന്നതിന് മുമ്പ് ചായയും കാപ്പിയും ഒഴിവാക്കുക.
- കട്ടിലിൽ കിടന്ന് ഭക്ഷണം കഴിക്കുകയോ, മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, വ്യായാമം ചെയ്യുകയോ ചെയ്യരുത്.
- ഉറക്കം ലഭിക്കാൻ മദ്യം ഉപയോഗിക്കരുത്.
- ഉറക്കം വരാത്ത അവസ്ഥയിൽ കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുകയോ ടി.വി. കാണുകയോ പുകവലിക്കുകയോ ചെയ്യരുത്.
- ഉറക്കം വരാതെ കിടക്കുമ്പോൾ ക്ലോക്കിൽ സമയം നോക്കിക്കൊണ്ടിരിക്കരുത്.
- ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ധാരാളം ഭക്ഷണം കഴിക്കരുത്.
- ദിവസവും വ്യായാമം ചെയ്യുക. വൈകുന്നേരം ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം ഒഴിവാക്കുക.
- പകൽനേരത്ത് ഉറങ്ങുന്നത് ഒഴിവാക്കുക. ഉച്ച ഉറക്കം നിർബന്ധമുള്ളവർ അത് 30-45 മിനിറ്റ് കഴിയാതെ നോക്കുക.
- ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടി.വി., ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
- കൊതുക് ശല്യം ഉണ്ടെങ്കിൽ കൊതുക് വലയോ, മറ്റു മാർഗങ്ങളോ ഉപയോഗിക്കുക.
- ഈ നിർദേശങ്ങൾ പാലിച്ചിട്ടും ഉറക്കക്കുറവ് അനുഭവിക്കുന്നവർ ഒരു ഡോക്ടറെക്കണ്ട് ചികിത്സ തേടേണ്ടതാണ്.
Content Highlights: world sleep day, theme and significance of sleep day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..