Representative Image | Photo: AP
നമ്മുടെ രാജ്യത്ത് പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതു മൂലം പ്രതിവര്‍ഷം മരിക്കുന്നത് അഞ്ചു ലക്ഷം പേരാണ്. ജീവിക്കാനുള്ള കൊതി തീരും മുമ്പെ മരണത്തിനു കീഴടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍. കുറച്ചു കാലം കൂടി ജീവിക്കാനുള്ള ഇവരുടെ മോഹത്തിന് ചിറകു നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് അവയവദാനം.
ഒരു അവയവ ദാതാവിന് എട്ടു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. അതുകൊണ്ടാണ് ഓരോ വര്‍ഷവും അവയവദാന ദിനം നാം വ്യാപകമായി ആചരിക്കുന്നത്. അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം, അവയവങ്ങള്‍ ദാനം ചെയ്യാന്‍ ജനങ്ങള്‍ക്കിടയിലുള്ള മടി ദൂരീകരിക്കുക, അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായവരെ അഭിനന്ദിക്കുകയും കൂടുതല്‍ പേരെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യവുമായാണ് അവയവദാന ദിനം ആചരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ വികാസത്തോടെ അവയവം നല്‍കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും സുരക്ഷിതതത്വവും ആരോഗ്യപരിരക്ഷയും കൂടുതല്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. 1954ല്‍ റൊണാള്‍ഡ് ലീ ഹെറിക് എന്നയാളുടെ വൃക്ക ഇരട്ട സഹോദരന്റെ ശരീരത്തില്‍ മാറ്റി സ്ഥാപിച്ചുകൊണ്ട് ഡോ. ജോസഫ് മുറെ ആണ് ആദ്യമായി ഈ ശസ്ത്രക്രിയ നിര്‍വഹിച്ചത്. പിന്നീട് 1990ല്‍ ഫിസിയോളജി ഓര്‍ മെഡിസിനില്‍ ഇദ്ദേഹത്തിന് നൊബെല്‍ സമ്മാനം ലഭിച്ചു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണ്, കരള്‍, പാന്‍ക്രിയാസ്, കോര്‍ണിയ, ചെറുകുടല്‍, ചര്‍മ്മ കോശങ്ങള്‍, അസ്ഥി കോശങ്ങള്‍, ഹൃദയവാല്‍വുകള്‍, നാഡികള്‍ തുടങ്ങിയവയെല്ലാം ദാനം ചെയ്യാവുന്നവയാണ്.
വൃക്ക ദാനം ഇവയില്‍ പ്രധാനമായ ഒന്നാണ്. നിങ്ങളുടെ മരണ ശേഷം നിങ്ങള്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവന്‍രക്ഷാ മാര്‍ഗ്ഗമായി മാറുകയാണ്. എല്ലാ ദിവസവും ഡയലാസിസിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ നിങ്ങള്‍ ദാനം ചെയ്യുന്ന വൃക്കയ്ക്ക് സാധിക്കും. വൃക്കയുടെ കാര്യത്തില്‍ രണ്ടു വൃക്കകളുള്ള ഒരാള്‍ക്ക് അതിലൊന്ന് ദാനം ചെയ്ത് ജീവിച്ചിരിക്കെ തന്നെ മറ്റൊരു ജീവന്‍ രക്ഷിക്കാനും അവസരമുണ്ട്.
അവയവദാനത്തിനു രജിസ്റ്റര്‍ ചെയ്തയാളുടെ മരണ ശേഷം രണ്ടു വൃക്ക മാറ്റിവയ്ക്കലിനു സാധ്യതയുണ്ട്. വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളാണ്. അനുയോജ്യമായ ഒരു വൃക്ക ദാതാവിനെ ലഭിക്കുക എന്നത് ഇവരില്‍ ഏറെ പേര്‍ക്കും വലിയ പ്രയാസകരമായ കാര്യമാണ്.
നിങ്ങളുടെ വൃക്ക സ്വീകര്‍ത്താവിന്റെ ശരീരത്തോടു യോജിക്കുന്നതാണെങ്കില്‍ മാത്രമേ മാറ്റിവയ്ക്കല്‍ നടത്താറുള്ളൂ. ബഹുഭൂരിപക്ഷം മതങ്ങളും അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നു. അവയവദാനത്തിന് ആരോഗ്യപരമായ പരിമിതികള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ അവയവദാനം എല്ലാവര്‍ക്കും കഴിയുന്ന കാര്യമാണ്.
ഡയാലിസിസ് ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരമാണ് വൃക്ക മാറ്റി വയ്ക്കല്‍ നല്‍കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് മരണം മുന്നില്‍ കണ്ടു കഴിയുന്നവരുടെ മുന്നിലെ അവസാനത്തെ അത്താണിയാണു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
മറ്റൊരാള്‍ക്ക് ജീവിതം നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് നിങ്ങളുടെ കുടുംബങ്ങളെ ആദ്യം അറിയിക്കുക. കാരണം, ഇക്കാര്യത്തിന് അവരുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. കാരണം നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളുടെ മരണം സൃഷ്ടിക്കുന്ന സങ്കടകരമായ ഒരു അവസ്ഥ കൂടി പരിഗണിച്ചാണ് ഇത്. മരണത്തിനു ശേഷവും മറ്റൊരാള്‍ക്കു ജീവിതം പകര്‍ന്നു നല്‍കാനുള്ള ഒരിക്കലും മരിക്കാത്ത നന്മ കൂടിയാണ് അവയവദാനത്തിലൂടെ സാര്‍ത്ഥകമാകുന്നത്.
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ
Content Highlights: world organ donation day, facts of organ donation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..