ആശ്രാമം നഗർ അദ്വൈതം വീട്ടിൽ ലീനയുടെ നാലാം ചരമവാർഷികദിനത്തിൽ ലീനയുടെ കരളും വൃക്കയും സ്വീകരിച്ച ശ്രീജിത്തും റോബിൻസും മോഹനും എത്തിയപ്പോൾ. ഭക്ഷണം വിളമ്പുന്നത് മകൻ ആദർശ്. ഇടത്ത്നിന്ന് നാലാമത്തേത് ആശ്രാമം സജീവ്
കൊല്ലം: വെള്ളിയാഴ്ച ലീനയുടെ നാലാം ചരമവാർഷികദിനമായിരുന്നു. ഭർത്താവ് ആശ്രാമം സജീവും മക്കൾ ആദർശും അദ്വൈതും തിരുമുല്ലവാരം ക്ഷേത്രത്തിൽ പോയി. തിലഹോമം നടത്തി വീട്ടിലെത്തുമ്പോഴേക്കും മൂന്ന് അതിഥികൾ വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ശ്രീജിത്തും ആറ്റിങ്ങലിൽനിന്ന് മോഹനും മല്ലപ്പള്ളിയിൽനിന്ന് റോബിൻസും. ലീന ഈ മൂന്നുപേരിലും ജീവനോടെ തുടിക്കുന്നുണ്ട്. പ്രിയപ്പെട്ടൊരു ജീവൻ പൊലിഞ്ഞപ്പോൾ അത് മൂന്നു ജീവിതം നിലനിർത്തുന്നതിന്റെ ധന്യതയിൽ ലീനയുടെ പ്രിയജനങ്ങൾക്കും ഈ സംഗമം ചാരിതാർഥ്യനിമിഷങ്ങളാകുന്നു. ഈ ‘മരണാനന്തരജീവിതം’ ഒരു സന്ദേശവുമാകുന്നു. ശനിയാഴ്ച ലോക അവയവമാറ്റദിനവുമാണ്.
‘‘ഞങ്ങളും അവയവദാനത്തിന് തയ്യാറാണ്,’’ അവയവം സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മോഹനും ശ്രീജിത്തും റോബിൻസും ഒരേ സ്വരത്തിൽ പറയുന്നതും അതുകൊണ്ടാണ്. ലീനയുടെ മരണശേഷം സജീവും ബന്ധുക്കളും ഇങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ നാലുവർഷംമുമ്പേ മൂവരും ഈ ലോകം വിട്ടുപോയേനെ. ‘‘ഏഴരക്കൊല്ലം ഡയാലിസിസിൽ ജിവൻ നിലനിർത്തിയതാണ്. വൃക്ക മാറ്റിവെച്ചശേഷം സാധാരണ ജിവിതത്തിലേക്ക് തിരിച്ചുവന്നു. അതിനുശേഷം കോവിഡ് വന്ന് 21 ദിവസം വെന്റിലേറ്ററിൽക്കിടന്ന് വീണ്ടും മരണത്തെ മുഖാമുഖം കണ്ടവനാണ്. അതുകൊണ്ടുതന്നെ ജീവന്റെ വില ശരിക്കറിയാം,’’ വൃക്ക സ്വീകരിച്ച റോബിൻസ് പറഞ്ഞു.
ടാക്സി ഡ്രൈവറായ ശ്രീജിത് ആരോഗ്യവാനായി വണ്ടിയോടിച്ച് വീണ്ടും ജീവിതം കണ്ടെത്തിയതും ലീനയുടെ വൃക്ക ആ ശരീരത്തിൽ ചേർന്നതുകൊണ്ടാണ്. അറുപത്താറുകാരനായ മോഹൻ സ്വന്തമായി സ്കൂൾ നടത്തി പുതുതലമുറയ്ക്കൊപ്പം ജിവിതമാസ്വദിക്കുന്നത് ആ കരളിന്റെ ബലത്തിലും. സർക്കാരിന്റെ അവയവദാനപദ്ധതിയായ ‘മൃതസഞ്ജീവനി’യിലൂടെയുള്ള ആദ്യത്തെ അവയവദാനമായിരുന്നു ലീനയുടേത്. “കണ്ണും ഹൃദയവും കൂടി നൽകാൻ തയ്യാറായിരുന്നു. പക്ഷേ, കൃത്യസമയത്ത് സ്വീകർത്താവിനെ കിട്ടാത്തതുകൊണ്ട് നടന്നില്ല,” ഭർത്താവ് സജീവ് പറഞ്ഞു. കൊല്ലം ആശ്രാമത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ ജീവനക്കാരനായ അദ്ദേഹം കേരള സ്റ്റേറ്റ് ബിവറേജസ് എംപ്ളോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.
Content Highlights: world organ donation day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..