Representative Image | Photo: AFP
തലശ്ശേരി: പുകയിലശീലം മാറ്റാൻ താത്പര്യമുള്ളവർക്ക് മികച്ച ചികിത്സാസൗകര്യം. വർഷങ്ങളായി പുകയില ഉപയോഗിക്കുന്നവർക്കും പ്രായമായവർക്കും ചികിത്സയിലൂടെ പുകവലിയിൽനിന്നുൾപ്പെടെ മോചനം. മലബാർ കാൻസർ സെന്ററിൽ കമ്യൂണിറ്റി ഓങ്കോളജി വകുപ്പിന്റെ കീഴിലാണ് പുകയില വർജന ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
പുകയില ഉത്പന്നങ്ങളായ പാൻ മസാലയുടെ ഉപയോഗം ഒഴിവാക്കാനും പുകവലി, മുറുക്കൽ എന്നിവ നിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ ചികിത്സയുണ്ട്. ബുധനാഴ്ചയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. മിക്ക രോഗികൾക്കും മൂന്നുമാസത്തെ ചികിത്സയാണ് നൽകുന്നത്.
കിടത്തിച്ചികിത്സ ആവശ്യമില്ല. കൗൺസലിങ്ങിനൊപ്പം മരുന്നും നൽകുന്നു. വിശദമായ കൗൺസലിങ് ആവശ്യമുള്ളവർക്ക് സൈക്കോ ഓങ്കോളജി വിഭാഗം കൗൺസലിങ് നൽകും. ചികിത്സയിലൂടെ പുകയില ഉപയോഗശീലം ഒഴിവാക്കാനാവും. കുടുംബത്തിന്റെ സഹകരണവും ഇതിന് ആവശ്യമാണ്. കഴിഞ്ഞ വർഷം 84 പേർ ഇവിടെ ചികിത്സയ്ക്കെത്തി. 2015-2017 കാലയളവിൽ ചികിത്സനടത്തിയവരെക്കുറിച്ച് നടത്തിയ പഠനത്തിൽ 214 പേർ ചികിത്സയ്ക്കെത്തിയതിൽ 92ശതമാനം പുരുഷൻമാരാണ്. മൂന്നുമാസം ചികിത്സ നടത്തിയ 55 ശതമാനം പേർ പുകവലി ഒഴിവാക്കി.
91പേർ 24 മാസം ചികിത്സ നടത്തി. അവരിൽ പകുതിയിറേപ്പേർ പുകയിലശീലം ഒഴിവാക്കി. ഡോക്ടറുടെ നേതൃത്വത്തിലാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം. അഡയാർ കാൻസർ സെന്ററിൽനിന്ന് പരിശീലനം ലഭിച്ച ഡോ. ഫിൻസ് എം. ഫിലിപ്പിനാണ് ക്ലിനിക്കിന്റെ ചുമതല.
.jpg?$p=455aaaa&w=610&q=0.8)
മുത്തച്ഛനാകുമ്പോൾ നിർത്താൻ ആഗ്രഹം
വർഷങ്ങളായി പുകയില ഉപയോഗിക്കുന്ന ഒരാൾ ക്ലിനിക്കിൽ ചികിത്സ തേടി. ഇപ്പോൾ നിർത്താനുള്ള കാരണം അന്വേഷിച്ചപ്പോൾ മുത്തച്ഛനാകുന്നതിനാൽ നിർത്താൻ തീരുമാനിച്ചെന്നായിരുന്നു മറുപടി. മകന്റെ ഭാര്യ പ്രസവിച്ചാൽ കുഞ്ഞിനെ എടുക്കുമ്പോൾ പുകയിലയുടെ വാസന കുഞ്ഞിന് ഒഴിവാക്കാനാണ് മുത്തച്ഛന്റെ കരുതൽ.
സുഹൃത്ത് കാൻസർ വന്ന് മരിച്ചതിനെ തുടർന്ന് ചികിത്സതേടിയവരുമുണ്ട്. 17 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ളവരാണ് ക്ലിനിക്കിൽ ഇതുവരെ ചികിത്സതേടിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നും എം.സി.സി.യിൽ പരിശോധനയ്ക്ക് വന്ന് ചികിത്സയ്ക്കെത്തുന്നവരുമുണ്ട്. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത് ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരുമുണ്ട്.
ഏത് പ്രായക്കാർക്കും ശീലം ഒഴിവാക്കാം
ഏത് പ്രായക്കാർക്കും എത്രകാലമായി പുകയിലശീലമുള്ളവർക്കും ചികിത്സയിലൂടെ പുകയില ഉപയോഗം നിർത്താം. നിർത്തുമ്പോൾ ആരോഗ്യപരമായ ഗുണം ലഭിക്കും. ചികിത്സയ്ക്ക് രോഗി ഒറ്റയ്ക്ക് വരുന്നതിനേക്കാൾ ബന്ധുവിനൊപ്പം വരുന്നതാണ് നല്ലത്. ഉപയോഗം നിർത്തി പത്ത്-15 വർഷമാകുമ്പോഴേക്ക് പുകവലിക്കാത്ത ഒരാളുടേതിന് തുല്യമാകും.
ഡോ.ഫിൻസ് എം.ഫിലിപ്പ്
കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം
മലബാർ കാൻസർ സെന്റർ
പുകയിലവർജന ക്ലിനിക്ക് ഫോൺ: 04902399284.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..