
Representative Image| Photo: GettyImages
കൊച്ചി: രോഗപ്രതിരോധശേഷിയില്ലാതെ പലവിധ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന 30,000-ലധികം ജീവനുകളുണ്ട് സംസ്ഥാനത്ത്. എന്നാല്‍, ഇവര്‍ക്ക് രോഗപരിരക്ഷയോ ചികിത്സാ സംവിധാനങ്ങളോ സഹായങ്ങളോ ലഭിക്കുന്നില്ല. രോഗപ്രതിരോധ വ്യവസ്ഥ തകര്‍ക്കുന്ന ലൂപസ് രോഗമാണ് ഇവരുടെ ജീവിതം ദുരിതമാക്കുന്നത്.
പരിശോധനയ്ക്കും രോഗനിര്‍ണയത്തിനും തുടര്‍ചികിത്സയ്ക്കും ചെലവ് ഏറെയാണ്. ലൂപസ് ബാധിതര്‍ മാസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. ആന്റി ഡി.എസ്.ഡി.എന്‍.എ, കോംപ്ലിമെന്റ് സി-3 തുടങ്ങിയ രക്തപരിശോധനകള്‍ക്കായി മൂവായിരം രൂപയില്‍ക്കൂടുതല്‍ മാസം ചെലവാകും. ചെലവ് താങ്ങാനാകാതെ പലരും ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കും. തുടര്‍ന്ന് പ്രതിരോധശേഷി കുറയുകയും അണുബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യും. ലൂപസ് ബാധിതര്‍ക്ക് പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനുപുറമേയാണ് മരുന്നുകളുടെ പാര്‍ശ്വഫലം.
ലൂപസ് രോഗികള്‍ക്ക് ചികിത്സാസഹായവും ഉപജീവനമാര്‍ഗവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ലൂപസ് ട്രസ്റ്റ് ഇന്ത്യ ട്രസ്റ്റി പി. ദിനേശ് മേനോന് പറഞ്ഞു. പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ തള്ളുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന് അനുമതിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങളുള്‍പ്പെടുത്തി ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് ഇവര്‍.
സാമ്പത്തികാനുകൂല്യങ്ങള്‍ വേണം
വളരെ വേഗം ക്ഷീണിതരാകുന്ന വിഭാഗമായതിനാല്‍ ജോലി തുടരാന്‍ ഇവര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. കീമോ തെറാപ്പി മരുന്നുകളും ബയോളജിക്കല്‍ മരുന്നുകളും ഉള്‍പ്പെടെ ലക്ഷങ്ങളാണ് ചികിത്സയ്ക്കു വേണ്ടിവരുന്നത്.
രോഗികളെ പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ടില്‍ ഉള്‍പ്പെടുത്തണം. കേരള സാമൂഹിക സുരക്ഷാ മിഷനില്‍ ഉള്‍പ്പെടുത്തി പ്രതിമാസ പെന്ഷന് നല്‍കണം. ചിയാക്, ആര്.എസ്.ബി.വൈ, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തണം. ലൂപസ് രോഗത്തിനുള്ള മരുന്നുകള്‍ ഓര്‍ഫന്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സബ്സിഡി ലഭ്യമാക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..