ബേബിയും മകൻ സന്തോഷും
പെരിയ: വൃക്കരോഗം സമ്മാനിച്ച വേദനകളില്‍നിന്നുള്ള അതിജീവനത്തിന്റെ അനുഭവങ്ങളാണ് കൊടവലത്തെ ബേബിക്കും മക്കള്‍ക്കും പറയാനുള്ളത്. മൂന്ന് മക്കള്‍ക്കും രോഗം ബാധിക്കുക, ഏകമകളെ നഷ്ടമാകുക, മൂത്തമകന്റെ വൃക്ക നീക്കംചെയ്യുക, ഇളയമകനായി വൃക്കകളിലൊന്ന് നല്‍കുക ഇങ്ങനെ ജീവിതത്തില്‍ പതറിപ്പോയേക്കാവുന്ന ഒട്ടേറെ അനുഭവങ്ങളെ മറികടന്ന ഈ അമ്മയും മക്കളും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.
27 വര്‍ഷം മുന്‍പാണ് ബേബിയുടെ രണ്ടാമത്തെ മകള്‍ ഗീതയ്ക്ക് വൃക്കരോഗം പിടിപെടുന്നത്. വൈദ്യശാസ്ത്രം അത്രയൊന്നും മുന്നോട്ടുപോയിട്ടില്ലാത്ത ആ കാലത്ത് രോഗം തിരിച്ചറിയാന്‍ വൈകിയത് ചികിത്സയെ ബാധിച്ചു. ഇരു വൃക്കകളും തകരാറിലായതിനാല്‍ രോഗം ഭേദമാക്കാനായില്ല. ഗീതയുടെ മരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് അച്ഛന്‍ കെ. കേളു അബദ്ധത്തില്‍ കിണറ്റില്‍വീണ് മരിച്ചതും ഈ കുടുംബത്തിന് ആഘാതമായി.
അതിനിടയ്ക്കാണ് മൂത്ത മകന്‍ ശ്രീനിവാസനും വൃക്കരോഗം ബാധിക്കുന്നത്. രോഗം വേഗം തിരിച്ചറിഞ്ഞത് ചികിത്സയ്ക്ക് ഗുണകരമായി. ഓട്ടോഡ്രൈവറായിരുന്ന ശ്രീനിവാസന്റെ ഒരു വൃക്ക നീക്കം ചെയ്തു. അദ്ദേഹം ഇപ്പോള്‍ മാവുങ്കാലില്‍ പഴങ്ങള്‍ വിറ്റ് ജീവിക്കുന്നു. ശ്രീനിവാസന്റെ ചികിത്സ കഴിയുംമുന്‍പേ ഇളയമകന്‍ സന്തോഷിന്റെ ഇരുവൃക്കകള്‍ക്കും അസുഖം ബാധിച്ചു. മകനെ രക്ഷിക്കാന്‍ അമ്മ ബേബി വൃക്കകളിലൊന്ന് നല്‍കാന്‍ സന്നദ്ധയായി. തുടര്‍ച്ചയായി ഒരു കുടുംബം നേരിടുന്ന ദുരിതങ്ങളില്‍ കൈത്താങ്ങാകാന്‍ കൊടവലം മഹാവിഷ്ണു ക്ഷേത്രക്കമ്മിറ്റിയും തീരുമാനിച്ചു.
സന്തോഷിന്റെ ചികിത്സാച്ചെലവ് എം. ശ്രീധരന്‍ നമ്പ്യാര്‍ കണ്‍വീനറായുള്ള ചികിത്സാസഹായ സമിതി ഏറ്റെടുത്തു. നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണത്തില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. അമ്മയുടെ കരുതലില്‍ സന്തോഷിന്റെ ജീവന്‍ നിലനിര്‍ത്താനായി. മൂന്നാം മൈലിലെ രാമചന്ദ്രന്റെ ചായക്കടയില്‍ സഹായിയായി ജോലിനോക്കുകയാണിപ്പോള്‍. ഭാര്യ: സതി. രണ്ടര വയസ്സുകാരന്‍ നന്ദകിഷോറാണ് മകന്‍.
Content Highlights: World Kidney Day 2022, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..