ഹൃദ്രോഗം പുരുഷന്‍മാരിലാണ് കൂടുതല്‍ കണ്ടുവരുന്നതെന്ന ധാരണ തിരുത്തുകയാണ് പുതിയ പഠനങ്ങള്‍. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രക്തക്കുഴലുകളാണ് വേഗത്തില്‍ പ്രായമാകുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. സ്ത്രീകളില്‍ വളരെ നേരത്തെ തന്നെ രക്തസമ്മര്‍ദം (ബി.പി.) ഉയരുന്നതാണ് ഇതിന് കാരണം.  

സ്ത്രീകളില്‍ മുപ്പതു വയസ്സിനോട് അടുത്ത് തന്നെ രക്തസമ്മര്‍ദം ഉയരാന്‍ തുടങ്ങുന്നുവെന്നും ഈ തോത് പുരുഷന്‍മാരെ അപേക്ഷിച്ച് ജീവിതകാലം മുഴുവന്‍ തുടരുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. വളരെ നേരത്തെ തന്നെ ഇത്തരത്തില്‍ രക്തസമ്മര്‍ദം ഉയരുന്നത് പിന്നീടുള്ള ജീവിതത്തില്‍ ഹൃദ്രോഗത്തിന് വഴിയൊരുക്കും. അമിത ബി.പിയാണ് ഹാര്‍ട്ട് അറ്റാക്കിനും സ്‌ട്രോക്കിനുമൊക്കെ പ്രധാനകാരണം. ജാമ കാര്‍ഡിയോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പുരുഷന്‍മാരിലും സ്ത്രീകളിലും ഒരേ തരം ഹൃദ്രോഗങ്ങള്‍ വരാറുണ്ടെന്നും എന്നാല്‍ സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് വൈകിയാണ് രോഗം കാണാറുള്ളതെന്നുമായിരുന്നു പഠനം ആരംഭിക്കുമ്പോള്‍ ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പഠനത്തില്‍ വെളിപ്പെട്ടത് ഇതില്‍ വ്യത്യാസമുണ്ടെന്നാണ്. പുരുഷന്‍മാരില്‍ നെഞ്ച് വേദനയുണ്ടാകുന്ന തരം ഹൃദ്രോഗവും സ്ത്രീകളില്‍ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന തരം രോഗവുമാണ് കൂടുതലായി കാണുന്നതെന്നും പഠനത്തിന്റെ വിശദാംശങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് ഗവേഷകര്‍ വ്യക്തമാക്കുന്നു. 

ഹൃദയത്തിലേക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന ഇസ്‌കീമിക് ഹാര്‍ട്ട് ഡിസീസ് രണ്ടു കൂട്ടര്‍ക്കും ഉണ്ടാകുന്നുണ്ടെങ്കിലും അതിനു പിന്നിലുള്ള കാരണം വ്യത്യസ്തമാണെന്നാണ് നിഗമനം. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി ആര്‍ട്ടറി ചുരുങ്ങി രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സാധാരണ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഹൃദയത്തിലെ ചെറിയ രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി തടസ്സപ്പെടാനുള്ള സാധ്യതയല്ല, അവ കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് യു.എസ്. നാഷണല്‍ ഹാര്‍ട്ട്, ലങ്, ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാല്‍പതു വര്‍ഷമായി നടത്തിയ പഠനത്തിന്റെ ഭാഗമായി ഒന്നേ മുക്കാല്‍ ലക്ഷം ആളുകളുടെ ബി.പി. അളവുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 

ഹൃദയാരോഗ്യം, ജീവിതശൈലി, ഭക്ഷണശീലങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം സ്ത്രീകളും പുരുഷന്‍മാരും ഒരേ രീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. അമിതരക്തസമ്മര്‍ദം നേരത്തെ തന്നെ കണ്ടെത്തി വളരെ വേഗം ചികിത്സ തുടങ്ങണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

എന്താണ് ബി.പി.?
രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന മര്‍ദത്തെയാണ് രക്തസമ്മര്‍ദം (ബ്ലഡ് പ്രഷര്‍) എന്നു പറയുന്നത്. ശ്വാസകോശങ്ങളില്‍ നിന്നും ഓക്‌സിജനെ വഹിച്ചുകൊണ്ടുവരുന്ന രക്തം നിറയുന്നത് ഹൃദയത്തിലെ ഇടത് അറയിലാണ്. ഹൃദയം സങ്കോചിക്കുമ്പോള്‍ വെന്‍ട്രിക്കിളില്‍ നിന്നും ശുദ്ധരക്തത്തെ മഹാധമനി വഴി ആര്‍ട്ടറികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. ഇങ്ങനെ ഹൃദയം ചുരുങ്ങുകയും രക്തം രക്തവാഹിനികളിലേക്ക് തള്ളപ്പെടുകയും ചെയ്യുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന പ്രഷര്‍ ആണ് സിസ്റ്റോളിക് പ്രഷര്‍. ബി.പി. അളക്കുമ്പോള്‍ ആദ്യം കാണുന്ന 120 എന്നത് സിസ്റ്റോളിക് പ്രഷര്‍. 

രക്തം പമ്പുചെയ്യുന്നതിന് മുന്‍പ് ഹൃദയം ആദ്യം വികസിക്കും. അപ്പോഴാണ് ഹൃദയ അറകളില്‍ രക്തം വന്നുനിറയുന്നത്. ഇങ്ങനെ ഹൃദയമിടിപ്പിനിടയിലുള്ള സമയത്ത് ഹൃദയത്തില്‍ രക്തം നിറയുന്ന വേളയില്‍ ധമനികളില്‍ അനുഭവപ്പെടുന്ന പ്രഷര്‍ ആണ് ഡയസ്റ്റോളിക് പ്രഷര്‍. ഇതാണ് 80 എന്ന് കാണിക്കുന്നത്. 120/80 എന്ന അളവാണ് നോര്‍മല്‍ ബി.പി. എന്നു പറയുന്നത്. ബി.പി. അളവ് 120-139/80-89 വിഭാഗത്തിലാകുമ്പോഴാണ് അതിനെ പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു പറയുന്നത്. ബി.പി. 140/90 എന്ന പരിധി വിടുമ്പോള്‍ അത് അമിതരക്തസമ്മര്‍ദം എന്ന രോഗമായി മാറുന്നു. 

നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത രക്തസമ്മര്‍ദത്തെ (high Blood Pressure) വിശേഷിപ്പിക്കുന്നത്. രക്തസമ്മര്‍ദം കൂടുതല്‍ ഉള്ളവരും ആദ്യകാലങ്ങളില്‍ ആരോഗ്യമുള്ളവരെ പോലെ തന്നെയാണ് കാണാറുള്ളത്. ലക്ഷണങ്ങള്‍ ഒന്നും പുറമേക്ക് കാണാറില്ല. അതിനാല്‍ തന്നെ രോഗം പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ല. ഇതാണ് പലപ്പോഴും രോഗം തിരിച്ചറിയാന്‍ വൈകുന്നതിന്റെ കാരണവും. 

അമിത ബി.പിയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ കൃത്യമായ ചികിത്സ ആരംഭിക്കണം. 
  • മരുന്നിനൊപ്പം ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം. 
  • മരുന്ന് കഴിക്കുമ്പോള്‍ രോഗം നിയന്ത്രണത്തിലാകുന്നത് കണ്ട് അത് ഇടയ്ക്കുവെച്ച് നിര്‍ത്തരുത്. 
  • ജീവിതശൈലി ആരോഗ്യകരമാക്കി മാറ്റണം.
  • ദിവസവും വ്യായാമം ചെയ്യണം.
  • അമിതവണ്ണവും ഭാരവും കുറയ്ക്കണം. 
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണം. 
  • ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം.
  • മദ്യപാനം, പുകവലി, കാപ്പി എന്നിവ ഉപേക്ഷിക്കണം. 
  • മാനസിക സമ്മര്‍ദം ഒഴിവാക്കണം.

Content Highlights: Heart health, Blood pressure, Health