ജെന്നിഫർ സട്ടൺ മ്യൂസിയത്തിൽ | Photo: twitter.com/oko_magazine
അവയവദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തി എന്നതും മരണശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്. അവയവദാനത്തെക്കുറിച്ച് ആശങ്കകൾ ഉള്ളവരും നിരവധിയാണ്. എന്നാൽ സ്വന്തം ജീവിതത്തിലൂടെ അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് പങ്കുവെക്കുകയാണ് ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിൽ നിന്നുള്ള ഒരു യുവതി. സ്വന്തം ഹൃദയം മ്യൂസിയത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത് കാണാൻ അവസരം ലഭിച്ചിട്ടുള്ള അപൂർവം പേരിലൊരാളാണ് ജെന്നിഫർ സട്ടൺ എന്ന യുവതി.
പതിനാറു വർഷം മുമ്പ് നടന്ന ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ജെന്നിഫറിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. നിലവിൽ ജെന്നിഫറിന്റെ ഹൃദയം ലണ്ടനിലെ ഹൺടെരിയൻ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു അവയവം മ്യൂസിയത്തിൽ ഇരിക്കുന്നത് കാണുമ്പോൾ സ്വപ്നതുല്യം എന്നാണ് തോന്നാറുള്ളതെന്ന് ജെന്നിഫർ പറയുന്നു. 22 വർഷത്തോളം തന്റെ ജീവൻ നിലനിർത്തിയ അവയവമാണ് അത്. അതിൽ താൻ അഭിമാനിക്കുന്നുണ്ട്. പലവട്ടം ഇത്തരത്തിൽ അവയവങ്ങൾ ജാറുകളിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു അവയവത്തെ ഇങ്ങനെ കാണുന്നത് വിചിത്ര അനുഭവമാണെന്ന് ജെന്നിഫർ പറയുന്നു.
മിതമായ വ്യായാമം ചെയ്യുമ്പോൾ പോലുമുള്ള ബുദ്ധിമുട്ട് ശ്രദ്ധിച്ചപ്പോഴാണ് ജെന്നിഫർ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചത്. അന്ന് ഇരുപത്തിരണ്ട് വയസ്സായിരുന്ന ജെന്നിഫർ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെന്നിഫറിന് റെസ്ട്രിക്റ്റീവ് കാർഡിയോമയോപ്പതി എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിലാകെ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ നിയന്ത്രിക്കുന്ന രോഗാവസ്ഥയാണ് ഇത്. കഴിയാവുന്നതും വേഗത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ജെന്നിഫറിന്റെ ജീവൻ ആപത്തിലാകുമെന്നും ഡോക്ടർമാർ പറയുകയുണ്ടായി.
തുടർന്ന് 2007ലാണ് ജെന്നിഫറിന് മാച്ച് ചെയ്യുന്ന ദാതാവിനെ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം താനൊരു പുതിയ വ്യക്തിയായതു പോലെയാണ് അനുഭവപ്പെട്ടതെന്ന് ജെന്നിഫർ പറയുന്നു. തുടർന്നാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കാൻ തന്റെ ഹൃദയം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള അനുമതി നൽകാൻ ജെന്നിഫർ തീരുമാനിച്ചത്. അങ്ങനെ
അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ കഴിയും എന്നാണ് ജെന്നിഫറിന്റെ പ്രതീക്ഷ. ജീവിതത്തിൽ കൊടുക്കാവുന്നതിൽ വച്ചേറ്റവും വലിയ സമ്മാനമാണ് അവയവദാനം. അവയവദാനത്തെക്കുറിച്ച് കൂടുതൽ പ്രചോദനാത്മകപരമായ കാര്യങ്ങൾ ചെയ്യാനുള്ള ചുവടുകൾ വെക്കണം എന്നതാണ് ജെന്നിറിന്റെ ഇനിയുള്ള സ്വപ്നം.
Content Highlights: Woman Sees Her Own Heart On Display At Museum, 16 Years After Transplant Surgery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..