Representative Image | Photo: Gettyimages.in
മാഡ്രിഡ്: കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ച് രോഗമുക്തിയായി ഇരുപതു ദിവസത്തിനുള്ളിൽ ഒമിക്രോൺ വകഭേദം ബാധിച്ചതായി റിപ്പോർട്ട്. സ്പെയിനിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരിക്കാണ് 20 ദിവസങ്ങൾക്കുള്ളിൽ രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിച്ചത്.
ആരോഗ്യപ്രവർത്തകയായ യുവതി കഴിഞ്ഞ ഡിസംബർ ഇരുപതിനാണ് ആദ്യമായി കോവിഡ് പോസിറ്റീവായത്. ജോലിസ്ഥലത്ത് ആർടിപിസിആർ ടെസ്റ്റ് എടുക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ച വിവരം അറിയുന്നത്. വാക്സിനേഷനുകളും ബൂസ്റ്റർ ഡോസും എടുത്ത് പന്ത്രണ്ട് ദിവസത്തിനിപ്പുറമാണ് യുവതി വീണ്ടും കോവിഡ് ബാധിതയായത്.
കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന യുവതി പത്തു ദിവസത്തോളം ഐസൊലേഷനിൽ ഇരുന്നതിനു ശേഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇരുപതു ദിവസത്തിനുള്ളിൽ അടുത്ത വകഭേദവും യുവതിയെ ബാധിക്കുകയായിരുന്നു. ഈ വർഷം ജനുവരി പത്തിനാണ് യുവതി വീണ്ടും കോവിഡ് പോസിറ്റീവായത്. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
ഡിസംബറിൽ യുവതിയെ ബാധിച്ചത് ഡെൽറ്റ വകഭേദവും ജനുവരിയിൽ ബാധിച്ചത് ഒമിക്രോണുമാണെന്ന് കണ്ടെത്തി. മറ്റ് അണുബാധകൾക്കു ശേഷമോ വാക്സിനുകളിൽ നിന്നോ ലഭിക്കുന്ന പ്രതിരോധശേഷിയെ തകർക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് കാറ്റലാൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. ജെമ്മാ റെസിയോ പറഞ്ഞു.
ഒരിക്കൽ കോവിഡ് ബാധിച്ചതിനാലും വാക്സിനേഷൻ പൂർത്തിയാക്കിയതിനാലും വീണ്ടും അണുബാധ ഉണ്ടാകില്ലെന്ന് കരുതരുതെന്നും ജെമ്മ വ്യക്തമാക്കി. എന്നാൽ രോഗി കൂടുതൽ ഗുരുതരമാവുകയോ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യാതിരുന്നത് വാക്സിനേഷന്റെ സംരക്ഷണമാണെന്നും അവർ പറഞ്ഞു.
നേരത്തേ ഡൽഹിയിൽ നിന്നുള്ള വീണ അഗർവാൾ എന്ന ഡോക്ടർ മൂന്നു തവണ കോവിഡ് ബാധിച്ച വിവരം പങ്കുവെച്ചിരുന്നു. ആൽഫ, ഡെൽറ്റ വകഭേദങ്ങൾ ഉൾപ്പെടെയാണിത്. 2020 ഓഗസ്റ്റ് പതിനാറിനാണ് വീണ ആദ്യമായി കോവിഡ് ബാധിതയാവുന്നത്. പിന്നീട് 2021 ഏപ്രിൽ പന്ത്രണ്ടിനും മേയ് മൂന്നിനും വീണ കോവിഡ് പോസിറ്റീവായി. പത്തൊമ്പതു ദിവസത്തെ ഇടവേളയ്ക്ക് ഇടയിലാണ് വീണ മൂന്നാമതും കോവിഡ് ബാധിതയായത്.
Content Highlights: woman infected with omicron twenty days post delta, covid variants, delta and omicron
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..