ഷിംല: തെറ്റായ എച്ച്. ഐ.വി പരിശോധനഫലം പുറത്തുവിട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ മുഖ്യമന്ത്രി ജാനകി രാം താക്കൂര്‍. എച്ച്.ഐ.വി ഫലം മാറിനല്‍കിയതിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ യുവതി മരണപ്പെട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപതുകാരിയായ യുവതിയെ ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് റോഹ്രുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭ്രൂണം വളരുന്നത് ഗര്‍ഭപാത്രത്തിന് പുറത്താണെന്ന് കണ്ടെത്തിയതിനെ തുടന്ന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഷിംലയിലെ ഐജിഎംസി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 

പിന്നാലെ നടത്തിയ പരിശോധനഫലത്തിലാണ് യുവതി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനോടും എച്ച്.ഐ.വി പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ സംഭാഷണം കേട്ടതിനു പിന്നാലെ യുവതി  യുവതി ബോധംകെട്ട് വീഴുകയും ദിവസങ്ങളോളം കോമ അവസ്ഥയിലെത്തുകയും ചെയ്തു. 

എന്നാല്‍ ഷിംല ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്റ് ടെസ്റ്റിങ് സെന്ററില്‍ രണ്ടാമതും നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി നെഗറ്റീവ് എന്നായിരുന്നു പരിശോധനഫലം. എന്നാല്‍ അപ്പോഴേക്കും യുവതിയുടെ നില വഷളാവുകയും മരണപ്പെടുകയും ചെയ്തു.

'നെഗറ്റീവ് ഫലം വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. എച്ച്ഐവി ആണെന്ന് അറിഞ്ഞതിന്റെ ആഘാതം അവള്‍ക്ക് താങ്ങാനായില്ല,' ഷിംലയിലെ ഐജിഎംസിയില്‍ ജോലി ചെയ്യുന്ന, യുവതിയുടെ സഹോദരന്‍ ദേശ് രാജ് പറഞ്ഞു.'

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ''തെറ്റായ എച്ച്‌ഐവി പോസിറ്റീവ് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്'' കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നിയമസഭയില്‍ വിഷയം ഉന്നയിച്ച രോഹ്രുവില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മോഹന്‍ ലാല്‍ ബ്രക്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ സംഭവത്തിനു പിന്നാലെ യുവതിയുടെ കുടുംബത്തിന്റേയും നാട്ടുകാരുടേയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ വാര്‍ത്ത മാധ്യമങ്ങളും ഏറ്റെടുത്തു. തുടര്‍ന്നാണ് അന്വേഷണം നടത്തി സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. 

Content Highlights: Woman dies of shock from HIV Report