Representative Image| Photo: Gettyimages
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെമ്പാടും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അമ്പതോളം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചതാണ് ഒമിക്രോണ്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 30 ജനിതകവ്യതിയാനങ്ങളും സംഭവിച്ചിരിക്കുന്നത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനാണ്. ഇത്രയും വലിയ തോതിലുള്ള ജനിതകവ്യതിയാനം സംഭവിച്ചിരിക്കുന്നതിനാല്‍ ഇമ്മ്യൂണ്‍ എസ്കേപ്പ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതിരോധശേഷിയെയും വാക്സിനേഷനെയും മറികടക്കുന്നതാണിത്. അതിനാലാണ് ഒമിക്രോണിനെ മെരുക്കാന്‍ ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമോ എന്ന് ചിന്തിക്കാന്‍ കാരണം.
നിരവധി വകഭേദങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അവയെ എല്ലാം മറികടക്കുന്നതാണ് നിലവില്‍ ലോകത്താകെ വ്യാപിച്ചിരിക്കുന്ന ഒമിക്രോണ്‍. നിലവിലെ കോവിഡ് വാക്സിനുകളെ ഒമിക്രോണ്‍ മറികടക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ബയോണ്‍ ടെക്, മൊഡേണ കമ്പനികള്‍ വാക്സിനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള രണ്ടു ഡോസ് കോവിഡ് വാക്സിന് മതിയാവുകയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന രണ്ട് ഡോസ് വാക്സിനുകള്‍ക്ക് ചില ഗുണങ്ങളും ഉണ്ട്. ഇവ രോഗം ഗുരുതരമായി രോഗി ആശുപത്രിയിലാവാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും സഹായിക്കും.
വാക്സിനുകള്‍ എടുക്കുന്നതു വഴിയുള്ള ശരീരത്തിന്റെ രോഗപ്രതിരോധം ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ കുറഞ്ഞുവരും. എന്നാല്‍ ഒരു ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനത്തെ ഉണര്‍ത്തി ആന്റിജനെ ഉത്തേജിപ്പിക്കും. ഇത് രോഗപ്രതിരോധത്തിന് സഹായിക്കും.
നിലവിലുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ മികച്ച സംരക്ഷണം നല്‍കുന്നതാണെന്നും അതിനാല്‍ വേറെ ഒരു വാക്സിന് ഇതിന് പകരം കൊണ്ടുവരേണ്ടതില്ലെന്നും യു.എസ്. പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്റണി ഫൗസി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിന് മുന്‍പ് വരെ 80 ശതമാനത്തോളം സംരക്ഷണം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഉണ്ടായിരുന്നെന്നും, പക്ഷേ, ഒമിക്രോണ്‍ ആവിര്‍ഭാവത്തിന് ശേഷം അത് 33 ശതമാനമായി കുറഞ്ഞുവെന്നും ഡോ. ഫൗസി അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും രണ്ടുഡോസ് വാക്സിനെടുത്ത ഒമിക്രോണ്‍ ബാധിതരില്‍ 70 ശതമാനത്തിനും ആശുപത്രി പ്രവേശനം വേണ്ടിവരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ വേണോ ബൂസ്റ്റര്‍ ഡോസ്?
യു.കെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അഭിപ്രായപ്പെടുന്നത് കോവിഡ് വാക്സിന്റെ മൂന്നാമതൊരു ഡോസ് ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് 70-75 ശതമാനം സംരക്ഷണം നല്‍കുമെന്നാണ്.
ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് സി.എസ്.ഐ.ആര്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ ഓള് ഇന്ത്യ ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ നിലനില് ബൂസ്റ്റര്‍ ഡോസുകളേക്കാള്‍ രാജ്യത്തെ നൂറുശതമാനം ജനങ്ങള്‍ക്കും കോവിഡ് വാക്സിനേഷന് നല്‍കുക എന്നതിനാണ് രാജ്യം ശ്രദ്ധിക്കുന്നത്. ഇതിനുശേഷമായിരിക്കും ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ചിന്തിക്കുക.
Content Highlights: Will booster shots suffice against the Omicron, Is it time for India to consider booster shots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..