കോട്ടയം: വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികള്‍ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. ചെടികള്‍ തിന്നും. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം.

എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്‌കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.

ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. പള്ളിക്കത്തോട് കൃഷിഭവനിലെ കൃഷി ഓഫീസര്‍ പ്രവീണും, കൃഷി അസിസ്റ്റന്റുമാരായ പി.എസ്. ശശികല, എസ്. ഹീര എന്നിവരും സംഘത്തിനൊപ്പം ചേര്‍ന്നു.

നശിപ്പിക്കാന്‍ പ്രയാസം

പ്രതികൂലാവസ്ഥയില്‍, മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കാന്‍ കഴിവുണ്ട്. അതിനാല്‍ ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ലിംഗ വ്യത്യാസം ഇല്ല.

വര്‍ഷത്തില്‍ അഞ്ചുമുതല്‍ ആറ് തവണ മുട്ടകള്‍ ഇടും. ഓരോ പ്രാവശ്യവും 800-900 മുട്ടകളിടും. 90 ശതമാനം മുട്ടകള്‍ വിരിയാറുമുണ്ട്.

ആഫ്രിക്കന്‍ ഒച്ച്

അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കന്‍ ഒച്ച് അഥവാ രാക്ഷസ ഒച്ച് പകല്‍ മണ്ണില്‍ ഊഴ്ന്നിറങ്ങി ഒളിച്ചിരിക്കും. ഇരതേടലും സഞ്ചാരവും രാത്രിയിലാണ്. മുകളറ്റത്തെ തോട് കാത്സ്യം നിര്‍മിതമാണ്.

പ്രായോഗിക നിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം

കാബേജ്, പപ്പായ എന്നിവയുടെ ഇലകള്‍ ഒച്ചിനെ ആകര്‍ഷിക്കും. അതിനാല്‍ ഇവയുടെ ഇലകള്‍ വിവിധയിടങ്ങളില്‍ വിതറിയ ശേഷം, ഒച്ച് എത്തുമ്പോള്‍ അവയ്ക്ക് മേലേ ഉപ്പിട്ടാണ് കൊല്ലുന്നത്. ഒച്ച് നശിപ്പിക്കുന്നത്‌ ൈകയുറ ഉപയോഗിച്ചാവണം. ഇവയെ പുകയിലക്കഷായം, തുരിശു ലായനി എന്നിവ ഏതെങ്കിലും ഉപയോഗിച്ചും കൊല്ലാനാവും.
- പ്രവീണ്‍ ജോണ്‍, കൃഷി ഓഫീസര്‍, പള്ളിക്കത്തോട് കൃഷിഭവന്‍.

പ്രദേശം വൃത്തിയാക്കണം

കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് വീണുകിടക്കുന്ന ഇലകള്‍ക്കടിയില്‍ നേരിട്ട് വെയിലേല്‍ക്കാത്തതിനാല്‍ പകല്‍ സമയത്തും ഇവയെ കാണാം. അതിനാല്‍ പ്രദേശം പൂര്‍ണമായും വൃത്തിയാക്കിയെടുക്കാന്‍ തൊഴിലുറപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
-ബി.സൗമ്യ, പള്ളിക്കത്തോട് ആറാം വാര്‍ഡംഗം.

Content Highlights: African snails and brain diseases