ടി.എസ് സമന്വയ്
കണ്ണമ്പ്ര: ആൺകുട്ടികൾ പൊതുവേ മുടിവളർത്താറുള്ളത് ‘ഫ്രീക്കൻ സ്റ്റൈലി’ൽ ചെത്തിനടക്കാനാണ്. പക്ഷേ, കണ്ണമ്പ്ര ഋഷിനാരദമംഗലം മഠത്തിപറമ്പിൽ ആറാംക്ലാസ് വിദ്യാർഥിയായ ടി.എസ്. സമന്വയിനെക്കുറിച്ചറിഞ്ഞാൽ ഈ ധാരണയൊക്കെ തെറ്റും.
കഴിഞ്ഞ രണ്ടുവർഷമായി സമന്വയ് മൂടി നീട്ടിവളർത്തുന്നു. ഇതെന്തിനാണെന്ന് ചോദിച്ചാൽ ഈ കൊച്ചുമിടുക്കൻ പറയും -“കാൻസർ രോഗികൾക്ക് മുറിച്ചുനൽകാൻ.” ഇതിനു കാരണമായതാവട്ടെ അച്ഛനമ്മമാരായ സുധീഷ്കുമാറും ചൈതന്യയും. കോവിഡ് അടച്ചിടൽ തുടങ്ങിയപ്പോൾ ഒരു കൗതുകത്തിനായി മുടി കഴുത്തൊപ്പംവരെ വളർത്തിയതാണ് തുടക്കം. എങ്കിൽപ്പിന്നെ അൽപ്പംകൂടി വളർത്തി കാൻസർ രോഗികൾക്ക് നൽകിക്കൂടേ എന്നായി അച്ഛനമ്മമാരുടെ ചിന്ത. സമന്വയ് മുടി വളർത്തിത്തുടങ്ങി. ശ്രദ്ധയോടെ പരിപാലിച്ചു.
മഞ്ഞപ്ര ഭവൻസ് സ്കൂളിലെ വിദ്യാർഥിയാണ് സമന്വയ്. കോവിഡ് അടച്ചിടൽ കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ, മുടി നീട്ടിവളർത്തി സ്കൂളിൽപ്പോകാനുള്ള മടികാരണം പോയില്ല. ഓൺലൈൻ ക്ലാസിലൂടെ പഠനംതുടർന്നു. കുട്ടിയുടെ സദുദ്ദേശ്യമറിഞ്ഞ സ്കൂളധികൃതർ പൂർണപിന്തുണ നൽകി. പരീക്ഷയെഴുതാനായി, നീട്ടിവളർത്തിയ മുടിയുമായിത്തന്നെ സമന്വയ് സ്കൂളിലെത്തി. ഇപ്പോൾ മുറിച്ചുകൊടുക്കാൻപാകത്തിൽ മുടി നീണ്ടതിനാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുടിമുറിച്ച് തൃശ്ശൂർ അമല ആശുപത്രിയിൽ ഏല്പിക്കാനാണ് തീരുമാനം. മുടി വളർത്തിയപ്പോൾ ചിലർ കളിയാക്കിയെങ്കിലും അതൊക്കെ ഇവർ ചിരിച്ചുതള്ളി. വിദേശത്താണ് സുധീഷ്കുമാറിന് ജോലി. ചൈതന്യ വീട്ടമ്മയും.
മുടി ദാനം ചെയ്യാം, ചിരി പടർത്താം
കാൻസർ ചികിത്സയായ കീമോതെറാപ്പിക്കു ശേഷമുണ്ടാവുന്ന മുടികൊഴിച്ചിൽ പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കും. ഇത് തടയാനാണ് കാൻസർ രോഗികൾക്കായി പ്രത്യേക വിഗ്ഗുകൾ നിർമിക്കുന്നത്. രക്തം സൂക്ഷിച്ചുവെക്കുന്ന രക്തബാങ്കുകൾ പോലെ ഹെയർ ബാങ്കുകൾ എന്നാണ് മുടി സൂക്ഷിച്ചു വെക്കുന്ന സ്ഥലങ്ങൾ അറിയപ്പെടുന്നത്. താത്പര്യമുള്ളവർക്കെല്ലാം ഇവിടേക്ക് മുടി ദാനം ചെയ്യാം.
മുടി സ്വീകരിക്കണമെങ്കിൽ 30 സെന്റീമീറ്റർ നീളം ആവശ്യമാണ്. കളർ ചെയ്തതോ ഏതെങ്കിലും തരത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചതോ ആയ മുടി സ്വീകരിക്കില്ല. യോജ്യമായ രണ്ടുപേരുടെ മുടി ഉപയോഗിച്ചാണ് ഒരു വിഗ് തയ്യാറാക്കുക. മുടി ദാനം ചെയ്യാനായി സന്നദ്ധസംഘടനകളെയോ അടുത്തുള്ള ഹെയർബാങ്കുകളെയോ സമീപിക്കാം.
പാലക്കാട് ജില്ലയിൽ മുടി ദാനംചെയ്യാൻ താത്പര്യമുള്ളവർക്ക് റെഡ് ഈസ് ബ്ലഡ് കേരള(ആർ.ഐ.ബി.കെ.) എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെടാം. സംഘടനയുടെ പ്രവർത്തകർ വീട്ടിൽവന്ന് മുടി ശേഖരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..