കൊറോണക്കാലമാണ് ജനങ്ങളെ കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രത്തോളം ബോധവാന്മാരാക്കിയത്. ഇരുപതു സെക്കന്‍ഡോളം സോപ്പ് ഉപയോഗിച്ച് കൈ കഴുകണമെന്നു വ്യക്തമാക്കുന്ന വീഡിയോകള്‍ ധാരാളം പ്രചരിച്ചിരുന്നു. പലപ്പോഴും യാത്രകളിലും മറ്റും സോപ്പുപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറിലും മറ്റും സൂക്ഷിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യരുതെന്നാണ് വിദഗ്ധരുടെ വാദം. 

സാനിറ്റൈസര്‍ സൂക്ഷിക്കരുതാത്ത ഇടങ്ങളിലൊന്നാണ് കാര്‍ എന്നാണ് ഫ്‌ളോറിഡ ഗോള്‍ഡ് ഗോസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഗ്രെഗ് ബോയ്‌സ് പറയുന്നത്. കാറിനുള്ളിലെ ചൂടുള്ള അന്തരീക്ഷം സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ കണ്ടന്റിനെ ബാഷ്പീകരിക്കുമെന്നാണ് ഇതിനു കാരണമായി ഗ്രെഗ് ചൂണ്ടിക്കാട്ടുന്നത്. 

കാര്‍ പോലുള്ള വാഹനങ്ങളിലെ താപനില പെട്ടെന്ന് ഉയരുന്നതാണ്, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍. വൈറസിനെയും ബാക്റ്റീരിയയെയും നശിപ്പിക്കാന്‍ മുന്നിലുള്ള ആല്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുന്നതുവഴി കരുതുന്നത്ര ഫലം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. സാനിറ്റൈസര്‍ ചൂടാകുന്നത് ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നും ഗ്രെഗ് പറയുന്നു. 

Content Highlights: Why you should never leave hand sanitiser in your car