Representative Image| Photo: Gettyimages
ജനുവരി മൂന്ന് മുതലാണ് 15-17 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. ഭാരത് ബയോടെകിന്റെ കോവാക്സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുന്നത്.
എന്നാല്‍, വാക്സിനെടുത്ത ശേഷം കൗമാരക്കാര്‍ക്ക് പാരസെറ്റമോള്‍ നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും സംശയമുയര്‍ന്നിരുന്നു. ചില വാക്സിനേഷന് കേന്ദ്രങ്ങള്‍ 500 mg യുടെ മൂന്ന് പാരസെറ്റമോള്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിക്കൊണ്ട് കോവാക്സിന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് ട്വിറ്ററിലൂടെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിരിക്കുന്നത്.
വാക്സിനെടുത്ത ശേഷം കൗമാരക്കാര്‍ക്ക് പാരസെറ്റമോളോ മറ്റ് ഏതെങ്കിലും വേദനസംഹാരികളോ നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഭാരത് ബയോടെക് ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയ 30,000 ആളുകളില്‍ ഏകദേശം 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇവ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യാതൊരു മരുന്നുകളുടെയും സഹായമില്ലാതെ തന്നെ മറികടക്കാനാകുമെന്നും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ട് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മാത്രമേ കഴിക്കേണ്ടതുള്ളൂ എന്നും കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. മറ്റ് ചില വാക്സിന് എടുത്തവര്‍ക്ക് പാരസെറ്റമോള്‍ നിര്‍ദേശിക്കുന്നുണ്ടെന്നും എന്നാല്‍ കോവാക്സിന് അത് ആവശ്യമില്ലെന്നും ഭാരത് ബയോടെക് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഹെപ്പാറ്റോടോക്സിസിറ്റി എന്ന അവസ്ഥയ്ക്ക് ഇടയാക്കുമെന്നതിനാല്‍ കോവിഡ് വാക്സിനേഷന് ശേഷം പാരസെറ്റമോളോ വേദനസംഹാരികളോ കഴിക്കേണ്ടതില്ലെന്ന് ഇന്റേണല്‍ മെഡിസിന് വിദഗ്ധന്‍ ഡോ. കേണല്‍ വിജയ് ദത്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതിന് ശേഷം പാരസെറ്റമോള്‍ നല്‍കണമെന്ന് നിര്‍ദേശിക്കുന്നില്ല. കാരണം ഇത് ഹെപ്പാറ്റോടോക്സിസിറ്റി എന്ന അവസ്ഥയ്ക്ക് ഇടയാക്കും. മരുന്ന് മൂലം കരളിനുണ്ടാകുന്ന തകരാറുകളാണ് ഹെപ്പാറ്റോടോക്സിസിറ്റി എന്ന് പറയുന്നത്.
കോവിഡ് വാക്സിന് സ്വീകരിച്ച കുട്ടികള്‍ക്ക് എന്തെങ്കിലും പനിയോ മറ്റോ ഉണ്ടായാല്‍ മെഫെനാമിക് ആസിഡ് അല്ലെങ്കില്‍ മെഫ്റ്റാല്‍ സിറപ്പ് ആണ് നല്‍കേണ്ടത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്സിനെടുത്ത് പനിയുണ്ടായാല്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്നും ഡോ. ദത്ത പറഞ്ഞു.
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് മുന്‍പായി വേദനസംഹാരികളൊന്നും ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. വേദനസംഹാരികള്‍ വാക്സിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് അത്തരത്തില്‍ ഒരു നടപടി ലോകാരോഗ്യ സംഘടന സ്വീകരിച്ചത്.
Content Highlights: Why paracetamol is not recommended for teenagers post covid vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..