പ്രതീകാത്മക ചിത്രം | Photo:canva.com/
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തുവന്നത്. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം ഉയർന്നിരുന്നത്. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യും ലോകാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവു സംഭവിച്ചിട്ടില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പ്രോമിത്താസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്‍മാലിൻ ബേബി കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. എന്നാൽ സാമ്പിളുകളിൽ പിഴവൊന്നും ഇല്ലെന്നാണ് സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ഫാക്ടറി തുറക്കാനുള്ള അനുമതി തേടുമെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വ്യക്തമാക്കി.
ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നും മെയ്‍ഡൻ മാനേജിങ് ഡയറക്ടർ നരേഷ് കുമാർ ഗോയൽ പറഞ്ഞു. വൈകാതെ അധികൃതരോട് ഫാക്ടറി തുറക്കുന്നതിനായുള്ള അനുമതി തേടും, എന്നാൽ അത് എപ്പോൾ സാധ്യമാകുമെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗാംബിയയിലെ കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമിത കഫ്സിറപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ആരോഗ്യവിഭാഗം മെയ്ഡൻ ഫാക്ടറിയിലെ ഉത്പാദനം നിർത്തിവച്ചത്. എന്നാൽ ഡിസംബർ പതിമൂന്നിന് ഇതുസംബന്ധിച്ച ഡ്രഗ്‌സ് കൺട്രോളർ ജനറൽ വി.ജി സൊമാനി ലോകാരോഗ്യസംഘടനയ്ക്ക് അയച്ച കത്തിൽ സിറപ്പുകളൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അറിയിച്ചു.
മെയ്ഡൻ കമ്പനി നിർമിച്ച കഫ് സിറപ്പുകളിൽ വൃക്കയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മേൽപ്പറഞ്ഞ വിഷമയമായ ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് ഒക്ടോബറിൽ യു.എൻ ഏജൻസി വ്യക്തമാക്കിയത്.
Content Highlights: who wrong in linking gambia kids deaths to syrups from india say officials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..