Representative Image| Photo: AP
ജനീവ: ആരോപണങ്ങൾക്കൊടുവിൽ കോവിഡ് അനുബന്ധ മരണ നിരക്കുകൾ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാഗതംചെയ്ത് ലോകാരോഗ്യസംഘടന. കോവിഡ് അനുബന്ധ മരണങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈനയോട് രോഗ, മരണനിരക്കുകൾ പുറത്തുവിടണമെന്ന് തുടർച്ചയായി അഭ്യർഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങൾ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. വൈറസിന്റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ കൂടി പങ്കുവെക്കണമെന്നും ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് മരണങ്ങൾക്കു പുറമെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍, പുറത്തുള്ള രോഗികള്‍, അടിയന്തര വൈദ്യസഹായം വേണ്ടിവന്ന രോഗികൾ, ഗുരുതര അവസ്ഥയിലേക്ക് എത്തിയവർ തുടങ്ങിയ വിവരങ്ങള്‍ ചൈന കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മരണം സംബന്ധിച്ച് ചൈന പുറത്തുവിട്ട വിവരങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഈ കോവിഡ് തരംഗം ചൈനയിലുണ്ടാക്കിയ സ്വാധീനവും മഹാമാരിയുടെ സാഹചര്യവുമൊക്കെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ലഭ്യമായിട്ടുള്ള വിവരങ്ങളിലൂടെ കഴിയുമെന്ന് ഗെബ്രിയേസുസ് പറഞ്ഞു. ഇത്തരത്തിലുള്ള വിവരങ്ങൾ ലോകാരോഗ്യസംഘടനയുമായും പൊതുജനങ്ങളുമായും തുടർന്നും പങ്കുവെക്കണമെന്നും ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന ലോകാരോഗ്യസംഘടനയുടെയും വിദേശ രാജ്യങ്ങളുടെയും നിരന്തര ആരോപണങ്ങൾക്ക് പിന്നാലെയാണ് ചൈന കണക്കുകൾ പുറത്തുവിട്ടത്. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞദിവസം അധികൃതർ വ്യക്തമാക്കി.
ഡിസംബർ എട്ടു മുതൽ ജനുവരി 12 വരെയുള്ള കണക്കുപ്രകാരം 59,938 കോവിഡ് മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, കാൻസർ, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കോവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും സൗത് ചൈനാ മോണിങ് റിപ്പോർട്ട് ചെയ്തിരുന്നു.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകൾ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
Content Highlights: who welcomes china covid death data, asks info on virus origin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..