കോവിഡ് വാക്സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന. വേദനസംഹാരികൾ കഴിച്ച് കോവിഡ് വാക്സിൻ എടുക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോ​ഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ വാക്സിൻ എടുത്തുകഴിഞ്ഞാൽ പൊതുവേ ഉണ്ടാകാറുള്ള ശരീരവേദന, പനി എന്നിവ കുറയ്ക്കാനായി പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ കഴിക്കാമെന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു. 

വാക്സിൻ എടുത്തവരിൽ കുത്തിവയ്പ്പ് എടുത്ത ഭാ​ഗത്ത് വേദന, ക്ഷീണം, തലവേദന, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇവ രണ്ടുദിവസത്തോളം നീണ്ടുനിൽക്കുമെങ്കിലും സങ്കീർണമാകാറില്ല. 

എന്നാൽ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആന്റിഹിസ്റ്റമിൻ മരുന്നുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നവർ വാക്സിൻ എടുക്കുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസർ ലൂക്ക് ഒ നീൽ പറയുന്നു. 

വാക്സിൻ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കുന്നത് ശരീരത്തിന്റെ ആന്റിബോഡി പ്രതികരണത്തെ കുറച്ചേക്കും എന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

Content Highlights: WHO warns against taking painkillers before Covid vaccine, Health, Covid19