Representative Image| Photo: Canva.com
ജനീവ: ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. വിഷകരമായ ഘടകങ്ങൾ അടങ്ങിയതാണ് മരണകാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിലവാരമില്ലാത്ത മരുന്നുകൾ അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന. വിഷമയമായ കഫ് സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി മുന്നൂറിലധികം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ ഇടപെടൽ.
വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ പല കഫ്സിറപ്പുകളിലും ഉയർന്ന അളവിൽ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഉണ്ടായതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, കോസ്മെറ്റിക് ഉത്പന്നങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകൾ ചെറിയ അളവിൽ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം എന്നും മരുന്നുകളിൽ ഇവ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ഏഴോളം രാജ്യങ്ങളിലെ സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നടപടി. ഗാംബിയ, ഇൻഡൊനീഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ മരണവും കാരണമായി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ് മിക്കയിടത്തും ഇത്തരം കഫ്സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്തിയതെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഇതിനകം ഇന്ത്യയിലെയും ഇൻഡൊനീഷ്യയിലെയും ആറോളം മരുന്നു കമ്പനികളും സമാനരീതിയിൽ കഫ്സിറപ്പുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന കണ്ടെത്തിയിരുന്നു.
ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നും ലോകാരോഗ്യസംഘടന പറയുന്നു. മെഡിക്കൽ വിതരണ ശൃംഖലയിലുള്ളവർ വിഷയത്തിൽ അടിയന്തിരമായി നടപടി കൈക്കൊള്ളണം. വിപണിയിൽ വിഷമയമായ മരുന്നുകൾ ഉണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞ് നീക്കം ചെയ്യണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശമുണ്ട്. നിലവാരമില്ലാത്ത ഉത്പന്നങ്ങൾ കണ്ടെത്തിയാൽ ഉടനടി ലോകാരോഗ്യസംഘടനയിൽ റിപ്പോർട്ട് ചെയ്യണം. അത്തരം മരുന്നുകൾ ഉപയോഗിക്കുന്നതു വഴിയുള്ള ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
രാജ്യത്തെ വിപണിയിലുള്ള എല്ലാ മരുന്നുകളും മതിയായ അംഗീകാരം ലഭിച്ചവയാണെന്നും അംഗീകൃത വിൽപനക്കാരിൽ നിന്നുള്ളവയാണെന്നും അതാത് സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾക്ക് ഉസ്ബെക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തുകയാണ് ലോകാരോഗ്യസംഘടന ചെയ്തത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.
ഒക്ടോബറിൽ ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിന് കാരണമായ ഹരിയാണയിലെ മെയ്ഡൻ ഫാർമയുടെ മരുന്നിലും എഥിലീൻ ഗ്ലൈക്കോൾ ഉയർന്ന അളവിലുണ്ടെന്നാണ് ആരോപണം.
Content Highlights: who warns against contaminated child cough syrups after over 300 deaths
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..