Representative Image| Photo: AP
ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ചൈന കൃത്യമായ രോഗ-മരണ നിരക്കുകൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കണക്കുകൾ കൃത്യമായി പുറത്തുവിടാത്തതിന്റെ പേരിൽ ചൈനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
ചൈനയിൽ നിന്നുള്ള മരണനിരക്കുകൾ കൃത്യമായി പുറത്തു വരുന്നില്ല എന്നാണ് ലോകാരോഗ്യസംഘടന ഇപ്പോഴും കരുതുന്നതെന്ന് എമർജൻസി വിഭാഗം ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഈ കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതിനെക്കുറിച്ചും സംഘടന വ്യക്തമാക്കി.
അതേസമയം കോവിഡ് കണക്കുകൾ കൃത്യമായി പങ്കുവെക്കുന്ന അമേരിക്കയെ പ്രശംസിക്കുന്നുമുണ്ട് ലോകാരോഗ്യസംഘടന. പുതിയ വകഭേദമായ XBB.1.5 തീവ്രമായി വ്യാപിക്കുന്ന അമേരിക്കയിൽ നിന്നുള്ള കണക്കുകൾ പൂർണമായും സുതാര്യമാണെന്നും മൈക്കൽ റയാൻ പറഞ്ഞു.
XBB.1.5 സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും വാഷിങ്ടൺ നൽകിയിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കോവിഡ് വിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച മാത്രം 11,500 കോവിഡ് മരണങ്ങളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 40 ശതമാനം അമേരിക്കയിൽ നിന്നും 30 ശതമാനം യൂറോപ്പിൽ നിന്നും 30 ശതമാനം വെസ്റ്റേൺ പസിഫിക് റീജിയനിൽ നിന്നുമാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി. എന്നാൽ ഈ കണക്കുകൾ ചൈന മതിയായ വിവരം പുറത്തുവിടാത്തിടത്തോളം കൃത്യമല്ല എന്നും അദ്ദേഹം പറയുന്നു. രോഗത്തിനെതിരെയുള്ള ശരിയായ പ്രതിരോധം തീർക്കാൻ എല്ലാ രാജ്യങ്ങളും ശരിയായ കണക്കുകൾ പുറത്തുവിടേണ്ടത് അനിവാര്യമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
അതിനിടെ ലോകാരോഗ്യസംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ആരോപണം ഉയർത്തിയ സാഹചര്യത്തിൽ നേരത്തേ ചൈന പ്രതികരണം പുറത്തുവിട്ടിരുന്നു. കോവിഡ് നിരക്കുകൾ മറച്ചുവെക്കുകയാണ് എന്ന ആരോപണം നിഷേധിക്കുന്നുവെന്നാണ് ചൈന വ്യക്തമാക്കിയത്. കോവിഡ് സംബന്ധിച്ച വിവരങ്ങളും കണക്കുകളും എല്ലായ്പ്പോഴും ചൈന ഉത്തരവാദിത്തത്തോടെ പങ്കുവെച്ചിട്ടുണ്ടെന്നാണ് വാഷിങ്ടൺ ഡി.സിയിലെ ബീജിങ് എംബസി വ്യക്തമാക്കിയത്.
കണക്കുകളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്നും ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞു. ചൈന നിലവിൽ പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ ഹോസ്പിറ്റൽ അഡ്മിഷനുകൾ, ഐ.സി.യു. അഡ്മിഷനുകൾ, മരണനിരക്ക് എന്നിവ സംബന്ധിച്ച മതിയായ വിവരങ്ങളില്ലെന്നാണ് ലോകാരോഗ്യസംഘടന കഴിഞ്ഞയാഴ്ച്ച ആരോപിച്ചത്.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകള്‍ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.
Content Highlights: who says covid deaths in china heavily underreported
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..