കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ആവശ്യം ഫേസ് മാസ്‌കുകളാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മാസ്‌ക് വാങ്ങുമ്പോള്‍ നമ്മള്‍ മനസ്സില്‍ വയ്‌ക്കേണ്ട പ്രധാന കാര്യം എന്താണെന്നറിയാമോ? മെറ്റീരിയലിന്റെ ക്വാളിറ്റിയോ കാണാനുള്ള ഭംഗിയോ ബ്രാന്‍ഡോ ഒന്നുമല്ലെന്നാണ് പുതിയ പഠനങ്ങള്‍.
നിങ്ങളുടെ മാസ്‌ക് നിങ്ങള്‍ക്ക് ശരിയായ പാകത്തിലുള്ളതാണോ എന്നതാണ് പ്രധാനമെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍.
സയന്‍സ് ജേര്‍ണലായ പ്ലോസ് വണ്ണിലാണ് (PLoS ONE) പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മികച്ച സംരക്ഷണം നല്‍കുന്നതെന്ന് അവകാശപ്പെടുന്ന പലതരം ഫേസ്മാസ്‌കുകളില്‍ നടത്തിയ പഠനത്തിലാണ് മുഖത്തിന് ശരിയായി പാകമാകുന്ന തരം മാസ്‌കുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ കണ്ടെത്തിയത്. മുഖത്തിന് പാകമായ തുണി മാസ്‌കുകളാണ് മൂക്കും വായും ശരിയായി മറയുന്ന വിധം പാകമല്ലാത്ത എന്‍.95 മാസ്‌കുകളേക്കാള്‍ നല്ലതെന്നാണ് പഠനം പറയുന്നത്.
ഷോപ്പുകളില്‍ വാങ്ങാന്‍ ലഭിക്കുന്ന മാസ്‌കുകളുടെ വലിപ്പം സാധാരണ അളവുകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ നിന്ന് വ്യത്യസ്തമായ മുഖവലിപ്പമുള്ളവരും ഈ മാസ്‌കുകള്‍ തന്നെയാണ് ധരിക്കുന്നത്. ഇത്തരത്തിലെ ചെറിയ വ്യത്യാസം പോലും വൈറസ് ശ്വാസകോസത്തിലെത്താന്‍ കാരണമാകും. കണ്ണട ധരിക്കുന്നവര്‍ക്ക് അനുയോജ്യമായ പ്രത്യേക മാസ്‌കുകള്‍ ലഭ്യമാക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.
ഏഴ് പേരിലാണ് ഇവര്‍ പഠനം നടത്തിയത്. പലതരം മാസ്‌കുകള്‍ ധരിക്കാന്‍ ഇവര്‍ക്ക് നല്‍കി. ഏഴില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് എന്‍.95 അടക്കമുള്ള പലമാസ്‌കുകളും സാധാരണ അളവില്‍ കൃത്യമായി പാകമായത്.
Content highlights: When It Comes To Face Masks Proper Fit Is Way More Important Than Material