ക്ഷണങ്ങളോടെയുള്ള കോവിഡ് ചികിത്സിക്കാന്‍ മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് യു.കെ. അംഗീകാരം നല്‍കിയിരിക്കുകയാണ്. ഫാര്‍മ ഭീമനായ മെര്‍ക്ക് ആണ് ഈ ആന്റിവൈറല്‍ ഗുളിക വികസിപ്പിച്ചിരിക്കുന്നത്. ഈ ഗുളിക കോവിഡ് ഗുരുതരമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ കഴിയുന്ന ഒരു ഗെയിംചേഞ്ചര്‍ ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

കോവിഡ് മരണങ്ങള്‍ അഞ്ച് മില്ല്യണ്‍ പിന്നിട്ടുകഴിഞ്ഞു. വാക്സിനുകള്‍ മികച്ച ഫലം നല്‍കുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങള്‍ വാക്സിന്റെ സംരക്ഷണത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള ഫാര്‍മ ഭീമനായ മെര്‍ക്ക് മോള്‍നുപിരാവിര്‍ എന്ന ഗുളികയുമായി കോവിഡിനെ പിടിച്ചുകെട്ടാന്‍ രംഗത്തെത്തിയത്. യു.എസ്. കമ്പനിയായ റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് മോള്‍നുപിരാവിര്‍ ഗുളിക വികസിപ്പിച്ചെടുക്കാന്‍ മെര്‍ക്കിനൊപ്പം ചേര്‍ന്നു. സാധാരണ പോലെ വായിലൂടെ കഴിക്കാവുന്ന ഗുളികയാണ് ഇത്. മൂന്ന് ട്രയലുകള്‍ നടന്നുകഴിഞ്ഞു. നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചവര്‍ക്കാണ് ഈ ഗുളിക നല്‍കുന്നത്. ഇതുവഴി ആശുപത്രി പ്രവേശനം ഒഴിവാക്കാനും രോഗികള്‍ക്ക് സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് ഈ ഗുളികയെന്ന് റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് പറയുന്നു. 

ഗുളിക സ്വീകരിച്ച 775 ആളുകളില്‍ നിന്നുള്ള പ്രാഥമിക ഫലം കാണിക്കുന്നത് കോവിഡ് 19 ലക്ഷണങ്ങള്‍ അഞ്ചുദിവസത്തിനകം മാറിയെന്നും ആശുപത്രിയില്‍ പ്രവേശനം, മരണനിരക്ക് എന്നിവ പകുതിയായി കുറഞ്ഞെന്നുമാണ്. 

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കോവിഡ് ബാധിക്കുന്ന രോഗിയില്‍ കൊറോണ വൈറസിന്റെ ആര്‍.എന്‍.എ. വിഭജനം നടത്തിയാണ് അണുബാധയുണ്ടാവുന്നത്. ഈ വിഭജന പ്രക്രിയയില്‍ തടസ്സം സൃഷ്ടിക്കുകയാണ് മോള്‍നുപിരാവിര്‍ ഗുളിക ചെയ്യുന്നത്. ഇതിനെത്തുടര്‍ന്ന് വൈറസിന്റെ അളവ് ശരീരത്തില്‍ കുറയുന്നു. അങ്ങനെ ഈ ഗുളിക വഴി രോഗതീവ്രത കുറയാന്‍ സഹായിക്കുന്നുവെന്ന് യു.കെ. ഡ്രഗ്‌സ് റെഗുലേറ്റര്‍ പറയുന്നു. ദിവസത്തില്‍ രണ്ട് നേരം വീതം അഞ്ച് ദിവസമാണ് ഗുളിക കഴിക്കേണ്ടത്. 

പ്രീ ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഡാറ്റ കാണിക്കുന്നത് സാര്‍സ് കോവ് 2 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഗാമ തുടങ്ങിയവയ്‌ക്കെല്ലാം ഈ ഗുളിക ഫലപ്രദമാണ് എന്നാണെന്ന് മെര്‍ക്ക് അറിയിച്ചു. 

ലഗേവ്രിയോ(Lagevrio) എന്നും ഈ ഗുളിക അറിയപ്പെടുന്നുണ്ട്. രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാലുടന്‍, അതായത്, രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേണം ഇത് ഉപയോഗിക്കാന്‍. 60 വയസ്സിന് മുകളിലുള്ളവര്‍, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ അപകടഘടകങ്ങള്‍ ഉളളവര്‍ക്കും ഈ ഗുളിക ഉപയോഗിക്കാം. ഇത്തരം സങ്കീര്‍ണത ഉള്ളവരിലാണ് കോവിഡ് ഗുരുതരമാവാറുള്ളത്. 

ഗുളികയുടെ ഗുണങ്ങള്‍

കോവിഡ് 19 ഭേദമാക്കാന്‍ ഡ്രിപ്പ് വഴിയോ ഇഞ്ചക്ഷന്‍ വഴിയോ ഒക്കെയാണ് മരുന്നുകള്‍ നല്‍കാറുള്ളത്. അതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യവും ശ്രദ്ധയും ഇവിടെ ആവശ്യമാണ്. എന്നാല്‍ വായിലൂടെ കഴിക്കാവുന്ന ഗുളിക രൂപത്തിലാണെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. 

യു.എസ്. ഡ്രഗ്‌സ് റെഗുലേറ്ററില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ 1.7 മില്ല്യണ്‍ ഗുളികകള്‍ വിതരണം ചെയ്യാനുള്ള കരാര്‍ സര്‍ക്കാരുമായി തയ്യാറാക്കുന്നുണ്ടെന്ന് മെര്‍ക്ക് അറിയിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാമെങ്കിലും വാക്‌സിനേഷന് പകരമായി ഉപയോഗിക്കാനുള്ളതല്ല ഇതെന്നും ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Content Highlights: what is Molnupiravir to cure covid19