Photo: ANI
കോവിഡ് 19 മൂന്നാം തരംഗം നേരിട്ടു കൊണ്ടിരിക്കുകയാണ് നാം. കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് പരിശോധനയും വ്യാപകമായിരിക്കുകയാണ്. ഏത് ടെസ്റ്റിങ് രീതിയിലാണെങ്കിലും രോഗബാധയുണ്ടോയെന്ന് തീരുമാനിക്കുന്നത് സി.ടി. വാല്യുവിന്റെ അടിസ്ഥാനത്തിലാണ്.
കോവിഡ് പോസിറ്റീവ് ആണോ അല്ലയോ എന്ന് വ്യക്തമാക്കുന്ന ഒരു കട്ട്ഓഫ് ആണ് സി.ടി.വാല്യു. സൈക്കിള്‍ ത്രെഷോള്‍ഡ് എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുമ്പോള്‍ ആ സാംപിളില്‍ കാണപ്പെടുന്ന വൈറസിന്റെ നില എത്രയെന്ന് കണക്കാക്കാനാണ് സി.ടി. വാല്യു ഉപയോഗിക്കുന്നത്. ഇതിന് അനുസരിച്ചാണ് ആ വ്യക്തി കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് കണ്ടെത്തുന്നത്.
ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ സാംപിളില്‍ നിന്നും ആര്‍.എന്‍.എ. വേര്‍തിരിച്ചെടുത്ത് ഡി.എന്‍.എ. ആക്കി മാറ്റുന്നു. ഇത് പിന്നീട് ആംപ്ലിഫൈ ചെയ്‌തെടുക്കുകയോ ഇരട്ടിപ്പിക്കുകയോ ചെയ്യും. വൈറല്‍ ലോഡ് അഥവ വൈറസ് എന്തുമാത്രം ശരീരത്തിലുണ്ട് എന്ന് കണ്ടെത്താന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.
വൈറസ് വളറെ കുറഞ്ഞ സൈക്കിള്‍സ് മാത്രമാണുള്ളത് എങ്കില്‍ ഇതിനര്‍ഥം ശരീരത്തില്‍ വലിയ തോതില്‍ വൈറല്‍ ലോഡ് ഉണ്ട് എന്നാണ്. വൈറസില്‍ കൂടുതല്‍ സൈക്കിള്‍സ് ഉണ്ടെങ്കില്‍ അതിനര്‍ഥം ശരീരത്തില്‍ വൈറല്‍ ലോഡ് തിരിച്ചറിയാന്‍ ആവശ്യമുള്ളതിലും കുറവാണ് എന്നാണ്.
അതുപോലെ സി.ടി. വാല്യു മനുഷ്യശരീരത്തിലെ വൈറല്‍ ലോഡിന്റെ തോതിന് നേരെ എതിരെയാണ്. സി.ടി. വാല്യു കൂടുതലാണെങ്കില്‍ വൈറല്‍ ലോഡ് കുറവായിരിക്കും. സി.ടി.വാല്യു കുറവാണെങ്കില്‍ വൈറല്‍ ലോഡ് കൂടുതലായിരിക്കും.
ഒരാള്‍ കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് വ്യക്തമാക്കാന്‍ കണക്കാക്കുന്ന സി.ടി. വാല്യു എന്ന കട്ട്ഓഫ് 35 ആയി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സി.ടി. വാല്യു 35-ന് താഴെ കാണുന്ന വ്യക്തി കോവിഡ് പോസിറ്റീവ് ആണ്. ഈ രോഗിക്ക് മരുന്നുകളും ഐസൊലേഷനും നല്‍കി രോഗം വ്യാപിക്കാതെ നോക്കണം.
ലോകത്തെമ്പാടും അംഗീകരിച്ചിരിക്കുന്ന കോവിഡ് അണുബാധയുടെ സി.ടി. വാല്യു 35-40 പരിധിയിലാണ്.
രോഗതീവ്രത സി.ടി. വാല്യു വഴി അറിയാനാവുമോ?
ഇത് ഇപ്പോഴും ഒരു ചോദ്യമായി തുടരുകയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും രോഗലക്ഷണങ്ങളുള്ള രോഗികളിലും വൈറല്‍ ലോഡുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്. എങ്കിലും ചില ഗവേഷകര്‍ സി.ടി. വാല്യുവിനെ രോഗതീവ്രത അറിയാനുള്ള ഒരു അളവുകോലായി കണക്കാക്കുന്നുണ്ട്.
ഉയര്‍ന്ന വൈറല്‍ ലോഡ് വ്യക്തമാക്കുന്നത് അണുബാധ തീവ്രമാണ് എന്നാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധ മോണിക്ക ഗാന്ധി തന്റെ 3790 സാംപിള്‍ പഠനങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് പറയുന്നു.
സി.ടി. വാല്യു അറിയുന്നത് സഹായകരമാണ്. എന്നാല്‍ അതേസമയം ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടെന്നത് മാത്രം ഒരാളെ രോഗത്തിലേക്ക് നയിക്കില്ല. കാരണം രോഗം വന്നുകഴിഞ്ഞാലും 40 ശതമാനത്തോളം ആളുകളും ആരോഗ്യമുള്ളവരായി തുടരുന്നുണ്ട് എന്നാണ് മോണിക്ക അഭിപ്രായപ്പെടുന്നത്.
സി.ടി. വാല്യു പരിഗണിച്ച് രോഗവ്യാപനത്തിന്റെ ചങ്ങല മുറിക്കാനും കോണ്‍ടാക്റ്റ് ട്രേസിങ് ചെയ്യാനും സാധിക്കുമെന്ന് മെക്കല്‍ മിന ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഒരാളുടെ മൂക്കില്‍ നിന്നെടുക്കുന്ന സാംപിളിലെ സി.ടി. വാല്യുവും തൊണ്ടയില്‍ നിന്നെടുക്കുന്ന സാംപിളിലെ സി.ടി. വാല്യുവും തമ്മില്‍ വ്യത്യാസമുണ്ടെന്ന പഠനങ്ങളില്‍ പറയുന്നു. സാംപിള്‍ എപ്രകാരം ശേഖരിക്കുന്നുവെന്നതും ഇതിലൊരു ഘടകമാണ്. കൃത്യമായി സാംപിള്‍ ശേഖരിച്ചില്ലെങ്കില്‍ അത് സി.ടി. വാല്യുവില്‍ പ്രതിഫലിക്കുമെന്നും പറയുന്നു.
Content Highlights: What is Ct value in Coronavirus Covid19 test report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..