ശ്വാസകോശ അസുഖങ്ങളില്‍ സി.ഒ.പി.ഡി. എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന 'ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്' വര്‍ധിച്ചുവരികയാണ്. സി.ഒ.പി.ഡി. രോഗികള്‍ കോവിഡ് ബാധിതരായാല്‍ ഗുരുതരാവസ്ഥയിലാകാനും മരണകാരണമാകാനുമുള്ള സാധ്യത ഏറെയാണ്.

എന്താണ് സി.ഒ.പി.ഡി.?

ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുന്ന രോഗങ്ങളില്‍ വിട്ടുമാറാത്തതും ദീര്‍ഘകാലമായുള്ളതുമായ രോഗാവസ്ഥയാണ് സി.ഒ.പി.ഡി. പ്രതിവര്‍ഷം 30 ലക്ഷത്തോളം പേരാണ് ഇതുമൂലം ആഗോളതലത്തില്‍ മരിക്കുന്നത്. ശരിയായ സമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ ഒരു പരിധിവരെ ഭേദമാക്കാം.

കാരണം

പുകവലി തന്നെയാണ് പ്രധാനകാരണം (85 ശതമാനം). പുകവലിക്കാരുമായുള്ള സമ്പര്‍ക്കവും അടുപ്പിലെ പുകയും പത്തുശതമാനം പേരെ രോഗികളാക്കുന്നു. ഫാക്ടറികളിലെ പുക, വായുമലിനീകരണം, ജനിതക കാരണങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ അഞ്ചുശതമാനം പേരില്‍ കാരണമാകുന്നുണ്ട്.

രണ്ടുതരം രോഗികള്‍

അടിക്കടിയുള്ള ചുമയും കഫകെട്ടുമുള്ള ക്രോണിക് ബ്രോങ്കൈറ്റിസുകാരും അതിയായ കിതപ്പുള്ള എംഫിസെമക്കാരുമാണ് സി.ഒ.പി.ഡി.യിലെ രണ്ടുതരം രോഗികള്‍. പത്തുവര്‍ഷത്തിലധികമായി പുകവലിക്കുന്നവരാണ് പ്രധാനമായും രോഗികള്‍. നാല്പത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ശ്വാസകോശം പ്രവര്‍ത്തനക്ഷമമല്ലാതാകുയെന്നതാണ് പ്രധാന അവസ്ഥ.

ചികിത്സ

പുകയുമായുള്ള ബന്ധം നിര്‍ത്തുക എന്നതാണ് ആദ്യത്തെ ചികിത്സ. ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയാല്‍ ബ്രോങ്കോ ഡൈലേറ്റര്‍ ഇന്‍ഹേലറുകള്‍ ഉള്‍പ്പെടെ ഗുണപ്രദമാകും. ശ്വാസകോശ വികാസത്തിന് സാഹയകമാകുന്ന വ്യായാമങ്ങളും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ചെയ്യാം. സ്‌പൈറോമെട്രി പരിശോധനയിലൂടെ എത്രമാത്രം സി.ഒ.പി.ഡി. ഉണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്താം.

വാക്‌സിനുകള്‍

കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണഡോസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനുപുറമേ, വര്‍ഷംതോറും എടുക്കേണ്ട ഇന്‍ഫ്‌ളുവെന്‍സ (ഫ്‌ളു) വാക്‌സിന്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍ എന്നിവയും സി.ഒ.പി.ഡി. രോഗികള്‍ എടുക്കേണ്ടത് സെക്കന്‍ഡറി ഇന്‍ഫെക്ഷനുകള്‍ വരാതിരിക്കാന്‍ അനിവാര്യമാണ്.

തയ്യാറാക്കിയത്: ആഷിക് കൃഷ്ണന്‍

കടപ്പാട്: ഡോ. എം. സഞ്ജീവ് കുമാര്‍, സീനിയര്‍ പള്‍മനോളജി കണ്‍സള്‍ട്ടന്റ്, മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി

Content Highlights: What is COPD, World COPD Day 2021, Health, Lung Health