രാജ്യം കോവിഡ്-19 ന്റെ രണ്ടാം വരവില്‍ ഞെട്ടിവിറച്ചു നില്‍ക്കുകയാണ്. പെരുകുന്ന രോഗികളും മരണവും വാക്‌സിന്‍ ക്ഷാമവുമെല്ലാമായി മിക്ക സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലെയും കാഴ്ചകള്‍ ദയനീയമാണെന്നാണ് പ്രചരിക്കുന്ന പലവീഡിയോകളും വാര്‍ത്തകളും വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ തയ്യാറാകുന്നതും. മുംബൈയില്‍ നിന്നുള്ള ഡോ. തൃപ്തി ഗിലാഡ ബേട്ടി എന്ന ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍. കണ്ണീരോടെ ഞങ്ങള്‍ നിസ്സഹായരാണ് എന്നാണ് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നത്.  

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സര്‍ക്കാര്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.

'ആദ്യം സുരക്ഷിതരായിരിക്കൂ. ഇതുവരെ കൊറോണ പിടിപെട്ടില്ലെങ്കില്‍, അല്ലെങ്കില്‍ സുഖമായെങ്കില്‍ നിങ്ങളൊരു സൂപ്പര്‍ ഹീറോ ആയതുകൊണ്ട് അല്ല അത്. അല്‍പമെങ്കിലും പ്രതിരോധ ശക്തിയുള്ളതുകൊണ്ടാണ്. ധാരാളം ആളുകള്‍ ഞങ്ങളുടെ മുന്നിലുണ്ട്, രോഗം ബാധിച്ച് കഷ്ടപ്പെടുന്നവര്‍. ഒരു മുപ്പത്തഞ്ച് വയസ്സുള്ള രോഗി വെന്റിലേറ്ററിലാണ്, ഞങ്ങള്‍ നിസ്സഹായരാണ്.' ഡോക്ടര്‍ പറയുന്നു.

ഞാന്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല, ഞങ്ങള്‍ നിസ്സഹായരാണ്. പല ഡോക്ടര്‍മാരെയും പോലെ ഞാനും അസ്വസ്ഥനാണ്. എന്തുചെയ്യണമെന്ന് അറിയില്ല. ദയനീയ കാഴ്ചകള്‍ കണ്ട് ഹൃദയം തകര്‍ന്നിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായിക്കാന്‍ കഴിയുന്നതിനേക്കാള്‍ മുകളിലാണ് ഈ പ്രതിസന്ധിയെന്നും വിഡിയോയിലൂടെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിങ്ങള്‍ അസുഖബാധിതനായാലും ആശുപത്രിയിലേക്ക് പേടിച്ച് ഓടേണ്ടതില്ലെന്നും ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുള്ള ഇടമേയുള്ളുവെന്നും അവര്‍ പറയുന്നു. പകരം ആളുകളുമായി സമ്പര്‍ക്കമില്ലാതെ വീട്ടിലിരിക്കാനും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല ആളുകളോട് കഴിയുന്നതും വേഗം വാക്‌സിന്‍ സ്വീകരിക്കാനും ഡോക്ടര്‍ ആവശ്യപ്പെടുന്നുണ്ട്. 

Content Highlights:We're helpless, Mumbai doctor's emotional video goes viral