പ്രളയമൊഴിയുമ്പോള്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ജീവിക്കുന്ന ചുറ്റുപാടും ആരോഗ്യകരമാണെന്ന് ഉറപ്പിക്കണം. പ്രളയമൊഴിയുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ശുദ്ധീകരിക്കണം? 

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

ആദ്യമായി 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്.

പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.

കുടിവെള്ളം അണുവിമുക്തമാക്കാന്‍ 1 ലിറ്റര്‍ വെള്ളത്തിന് 8 തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്.

ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.

Content Highlight: Water purification using bleaching powder