കാന്‍ബെറ: ഒമിക്രോണ്‍ വകഭേദം കാരണമുണ്ടാകുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയ. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസങ്ങള്‍ക്കുശേഷം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ഇത് അഞ്ചുമാസമായി കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

കാലാവധി കുറയ്ക്കുന്നത് മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുന്നതിനും വൈറസ് വ്യാപനം കുറയാനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. രാജ്യത്തെ 16-നു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനംപേരും വാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, രോഗവ്യാപനം തുടരുകയാണ്. ശനിയാഴ്ച 1,753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒമിക്രോണിന് രോഗലക്ഷണങ്ങള്‍ കുറവ്

ജൊഹാനസ്ബര്‍ഗ്: ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവെന്ന് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍ ഉന്‍ബേന്‍ പില്ലായ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ 30 ശതമാനത്തിനുമാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളൂ. കോവിഡിന്റെ ആദ്യതരംഗത്തിലെ നിരക്കിന്റെ പകുതിയില്‍ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

Content Highlights: Wait time for COVID-19 booster shots slashed to five months amid Omicron concerns