മലപ്പുറം കോട്ടപ്പടി താലൂക്കാസ്പത്രിയിൽ പനി ഒ.പി.യിൽ ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നവർ
സ്കൂളുകളിൽ കുട്ടികളുടെ ഹാജർനില 50 ശതമാനംവരെ കുറയുന്നു. സർക്കാർ ഓഫീസുകളിലും മറ്റും പല കസേരകളിലും ആളില്ല. തൊഴിലാളികൾ എത്താതെ നിർമാണജോലികൾ നീണ്ടുപോകുന്നു. ബസിലും തീവണ്ടിയിലും ചുമ മുഴങ്ങുന്നു. അങ്ങാടിയിൽ 'കാറിത്തുപ്പൽ' പതിവുകാഴ്ച. ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. എല്ലാറ്റിനും കാരണം ഒന്നുതന്നെ; പനി. അതെ, മലപ്പുറവും പനിക്കിടക്കയിലാണ്.
ഇരട്ടിയും കടന്ന് പകർച്ചപ്പനി
ജൂൺ മുതൽ മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വൈറൽ പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. മേയ് മാസം 22,345 പേരാണ് ചികിത്സ തേടിയത്. ജൂണിൽ അത് 48,065 ആയി ഉയർന്നു. ഒരു പനി മരണവും റിപ്പോർട്ട്ചെയ്തു. ഈമാസം ഇതുവരെ 18,379 പേരാണ് സർക്കാർ ആശുപത്രികളിലെത്തിയത്. 2021 ജൂൺ മാസത്തേക്കാൾ ഈ ജൂണിൽ നാലിരട്ടിയിലധികമാണു വർധന
എല്ലാവർക്കും പനി; വീണ്ടും പനി
മുൻപ് വീട്ടിലെ ഒരാൾക്ക് പനി വന്നാൽ ഒന്നോ രണ്ടോ അംഗങ്ങൾക്കുകൂടി പകർന്നേക്കാം. അക്കഥ മാറി. ഇപ്പോഴത്തെ 'വൈറൽ ഫീവർ' വീട്ടിലെത്തിയാൽ എല്ലാവരെയും പിടികൂടുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
പനിയും അനുബന്ധ പ്രയാസങ്ങളും ഒരാഴ്ചവരെ നീളും. പലർക്കും രണ്ടാഴ്ചയ്ക്കകം വീണ്ടും പനി വരുന്നുണ്ട്.
മൂന്നുതവണവരെ തുടർച്ചയായി പനി വന്ന രോഗികളുണ്ടെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ജില്ലാപ്രസിഡന്റ് ഡോ. കെ.പി. മൊയ്തീൻ പറയുന്നു.
പനി കൂടുതൽ ആളുകളിലേക്കു പകരുന്നതും വന്നവർക്കുതന്നെ വീണ്ടും പനി വരുന്നതും മരുന്നിന്റെ ആവശ്യവും ഇരട്ടിയാക്കി.
മരുന്നുകണ്ട് പനിക്കേണ്ടാ...
ജില്ലയിലെ ഭൂരിപക്ഷം സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു മരുന്നില്ലാത്ത പ്രശ്നമുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) വഴിയുള്ള മരുന്നുവിതരണം താളംതെറ്റിയതാണു കാരണം.
സാധാരണ ഏപ്രിൽ മുതൽ ഘട്ടം ഘട്ടമായി ആശുപത്രികളിൽ മരുന്ന് എത്താറുണ്ട്. ഇത്തവണ അതുണ്ടായില്ല. തദ്ദേശസ്ഥാപനങ്ങളുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും ഫണ്ടുപയോഗിച്ച് ആശുപത്രികൾ ഇപ്പോൾ പുറത്തുനിന്നാണ് മരുന്ന് വാങ്ങുന്നത്.
ഇങ്ങനെ വാങ്ങുമ്പോൾ പത്തിരട്ടിവരെ വില നൽകേണ്ടിവരുന്നു. എന്നിട്ടും പല മരുന്നുകളും പുറത്തേക്ക് എഴുതേണ്ടിവരുന്നതായി ഡോക്ടർമാർ പറയുന്നു. ഇത് ആശുപത്രികളിൽ തർക്കത്തിനും സംഘർഷാവസ്ഥയ്ക്കും കാരണമാകുന്നു. ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഒരാഴ്ചത്തേക്കുള്ള അത്യാവശ്യമരുന്നുകൾ എത്തിച്ചിട്ടുണ്ട്.
അടിയന്തര നടപടി വേണം
രോഗികളുടെ എണ്ണം വലിയതോതിൽ കൂടി. എന്നാൽ, ആവശ്യത്തിനു മരുന്നില്ലാത്ത പ്രശ്നമുണ്ട്. ഇത് രോഗികൾക്കൊപ്പം ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രയാസമുണ്ടാക്കുന്നു. എല്ലാ സർക്കാർ ആശുപത്രികൾക്കും ആവശ്യത്തിനു മരുന്ന് വിതരണംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം.
-ഡോ. കെ.പി. മൊയ്തീൻ
(കെ.ജി.എം.ഒ.എ. ജില്ലാപ്രസിഡന്റ്)
സിറപ്പ് എത്തി; ഇനിയും വരും
ജില്ലയിൽ മരുന്നുക്ഷാമം ഉണ്ടായിരുന്നു. കുട്ടികൾക്ക് പനിക്കുള്ള സിറപ്പിനായിരുന്നു കൂടുതൽ ക്ഷാമം. കൂടുതൽ സ്റ്റോക്കുള്ള സ്ഥലങ്ങളിൽനിന്ന് ഇല്ലാത്തിടങ്ങളിൽ മരുന്നെത്തിക്കുന്നുണ്ട്. ഇപ്പോൾ കെ.എം.എസ്.സി.എലിൽനിന്ന് പാരസെറ്റമോൾ സിറപ്പ് വന്നു. അത് ആശുപത്രികൾക്ക് വിതരണംചെയ്തു. കൂടുതൽ മരുന്ന് ഉടൻ ലഭ്യമാകും.
-ഡോ. ആർ. രേണുക
ജില്ലാ മെഡിക്കൽ ഓഫീസർ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..