കൊച്ചി: ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ആശുപത്രികളിൽ ജാഗ്രതാ സമിതികൾ രൂപവത്കരിക്കണമെന്ന നിർദേശം നടപ്പായില്ല.

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലായിരുന്നു ആശുപത്രികളിൽ ജാഗ്രതാ സമിതികൾ രൂപവത്കരിക്കുമെന്ന സർക്കാർ നിർദേശം വന്നത്. എല്ലാ ആശുപത്രിയിലും പോലീസ് എയ്ഡ്പോസ്റ്റുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും നിർദേശത്തിലുണ്ടായിരുന്നു.

പ്രദേശത്തെ ജനപ്രതിനിധികൾ, ഡോക്ടർമാർ, പോലീസ് എന്നിവരുൾപ്പെടുന്നതാണ് ജാഗ്രതാ സമിതി.

നടപടി വേണം

ആരോഗ്യപ്രവർത്തകരെ കൈയേറ്റംചെയ്യുന്ന കേസുകളിൽ നടപടിയില്ലാത്തത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. ആരോഗ്യ പ്രവർത്തകരെക്കുറിച്ച് പരാതികളുണ്ടെങ്കിൽ പരിഹാരത്തിന് നിയമവഴി തേടാം. എന്തിന്റെ പേരിലായാലും ആക്രമണ മനോഭാവത്തെ ന്യായീകരിക്കാനാവില്ല.

- ഡോ. പി.എസ്. ഷാജഹാൻ,

പ്രസിഡന്റ്, അക്കാദമി ഓഫ്‌ പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ

ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്

അതിക്രമങ്ങൾ തുടരുന്നത് ആരോഗ്യപ്രവർത്തകരുടെ ആത്മധൈര്യവും ആത്മവിശ്വാസവും ചോർത്തും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പ്രത്യാഘാതം സമൂഹത്തെ മുഴുവൻ ബാധിക്കും. ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് തങ്ങൾക്കുകൂടി വേണ്ടിയാണെന്നത് സമൂഹവും ഉൾക്കൊള്ളണം.

- ഡോ. സി.ജെ. ജോൺ, മനോരോഗ വിദഗ്ധൻ

ആക്രമണങ്ങൾ നോക്കിനിൽക്കില്ല - ഐ.എം.എ.

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ ഇനി നോക്കിനിൽക്കാനാകില്ലെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും പറഞ്ഞു. കോവിഡ് ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽനിന്ന്‌ മാറിനിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് ഡോക്ടർമാരെ തള്ളിവിടാതിരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ആശുപത്രി സംരക്ഷണനിയമം കർശനമായി നടപ്പാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, സുരക്ഷാസംവിധാനം ശക്തമാക്കുക തുടങ്ങിയവ ഉടൻ നടപ്പാക്കണം. ആക്രമണങ്ങൾക്കെതിരേ കേന്ദ്രനിയമം കൊണ്ടുവരണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

പ്രത്യേക സുരക്ഷാ മേഖലകളാക്കണം -കെ.ജി.എം.ഒ.എ.

ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളാക്കണമെന്ന് കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു. ആശുപത്രികളിലെ അക്രമസംഭവങ്ങൾ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലാക്കണമെന്നും 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സംഘടന ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളിൽ ഡോക്ടർമാർക്കെതിരേ പ്രതികൾ കേസ് നൽകാറുണ്ട്. ഇത്തരം കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുംമുമ്പ് വിദഗ്ധ സമിതി പരിശോധിക്കണം. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ നടപടി വേണമെന്നും പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Violence against doctors in Kerala KGMOA, IMA expresses concern, Health