കൊല്ലം: സംസ്ഥാനത്തെ കോവിഡ്രോഗികളുടെ ചികിത്സയ്ക്ക് വെന്റിലേറ്റർ, ഓക്സിജൻ ലഭ്യതയിൽ ആശങ്കവേണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ, സ്വകാര്യആശുപത്രികളിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 0.2 ശതമാനത്തിനു മാത്രമേ ഇപ്പോൾ വെന്റിലേറ്റർ ആവശ്യമുള്ളൂ. അതായത്, 196 പേർക്ക്.

സർക്കാർ ആശുപത്രികളിൽ 2,169 വെന്റിലേറ്ററുകളുണ്ട്. 1507 ഐ.സി.യു. വെന്റിലേറ്റർ, 119 പോർട്ടബിൾ വെന്റിലേറ്റർ, 543 നോൺ ഇൻവേസീവ് ടൈപ്പ് വെന്റിലേറ്റർ എന്നിവയാണുള്ളത്. ഇതിൽ 1,125 എണ്ണം കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ സജ്ജമാക്കിയതാണ്.

സ്വകാര്യ ആശുപത്രികളിൽ 1523 വെന്റിലേറ്ററുകളുണ്ട്. മെഡിക്കൽ കോളേജുകൾ മുതൽ താലൂക്ക്തലം വരെയുള്ള ആശുപത്രികളിലുള്ള 2141 ഐ.സി.യു. കിടക്കകളിൽ 973 എണ്ണം കോവിഡ് ചികിത്സയ്ക്കായിമാത്രം നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 505 എണ്ണം മാർച്ച് 31നുശേഷം സജ്ജീകരിച്ചതാണ്.

5,177 കിടക്കകളിൽ ഓക്സിജൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7085 ഐ.സി.യു. കിടക്കകളുള്ളതിൽ 275 കോവിഡ് രോഗികളേയുള്ളൂ. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ഓക്സിജൻ ഓഡിറ്റ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിദിനം 177 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാൻ സംവിധാനമുണ്ട്. പ്രതിദിനം 33 ടൺ ഓക്സിജന്റെ ഉപയോഗമാണുള്ളത്. സെപ്റ്റംബർ ആദ്യവാരം 9.14 ടൺ ഓക്സിജനാണ് പ്രതിദിനം ആവശ്യമായിരുന്നത്. വിവിധ ആശുപത്രികളിൽ സജ്ജീകരിച്ചിരിക്കുന്ന ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ വഴി പ്രതിദിനം 1.06 ടൺ ഓക്സിജൻ ഉത്‌പാദിപ്പിക്കുന്നുണ്ട്.

പാലക്കാട്ടെ ഇനോക്സ് പ്ലാന്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയതോടെ പൂർണതോതിൽ ഉത്‌പാദനം ആരംഭിച്ചു. ഇനോക്സ് 150, എറണാകുളം കേന്ദ്രീകരിച്ച് സതേൺഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ആറ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് സതേൺഗ്യാസ് മൂന്ന് മെട്രിക് ടൺ വീതം ഓക്സിജൻ ഉത്‌പാദിപ്പിക്കുന്നു.

പൊതുമേഖലാസ്ഥാപനമായ ബി.പി.സി.എൽ. മുഖേന പ്രതിദിനം മൂന്നുടണ്ണും വ്യവസായവകുപ്പിനു കീഴിൽ കെ.എം.എം.എൽ. മുഖേന പ്രതിദിനം ഏഴുടണ്ണും ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്.

ഓക്സിജൻ ലഭ്യത ഉറപ്പാക്കി

മാർച്ച് മുതലുള്ള പെസോയുടെ പരിശ്രമഫലമായി ആവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി. വ്യാവസായിക ഓക്സിജൻ ഉത്‌പാദനംകുറച്ച് മെഡിക്കൽ ഓക്സിജൻ പരമാവധി ലഭ്യമാക്കുകയാണു ചെയ്യുന്നത്.

-ഡോ. ആർ. വേണുഗോപാൽ
ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്, പെസോ

സൗകര്യങ്ങൾ വർധിപ്പിച്ചു

രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാനാണ് കേരളം ശ്രമിച്ചത്. വെന്റിലേറ്ററടക്കമുള്ള പ്രതിരോധ, ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ ഇക്കാലത്ത് കഴിഞ്ഞു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മരണനിരക്ക് കുറയ്ക്കാൻകഴിയുന്നത്.

-ഡോ. മുഹമ്മദ് അഷീൽ
ഡയറക്ടർ, കേരള സാമൂഹികസുരക്ഷാ മിഷൻ

Content Highlights:ventilators and oxygen for the treatment of Covid 19 patients are available in the state, Health