തോപ്പുംപടി (കൊച്ചി): വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലുള്ള വയോമിത്രം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മരുന്നുവിതരണം നിര്‍ത്തിയതോടെ ഇവയുടെ പ്രവര്‍ത്തനം നിലച്ചമട്ടായി.

നൂറോളം തദ്ദേശസ്ഥാപനങ്ങളിലാണ് വയോമിത്രം യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വയോജനങ്ങള്‍ക്കാണ് പ്രയോജനം. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍, നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവര്‍ ക്ലിനിക്കുകളിലെത്തി പരിശോധിച്ച് മരുന്നുകൊടുക്കുന്നതാണ് രീതി. രണ്ടുലക്ഷത്തോളം പേര്‍ ചികിത്സ സ്വീകരിച്ചിരുന്നു.

ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുണ്ട്. മരുന്നുകളും സൗജന്യം. കോവിഡിന്റെ രണ്ടാം ഘട്ടത്തിലാണ് ക്ലിനിക്കുകള്‍ പൂര്‍ണമായും അടച്ചത്. എങ്കിലും ജീവനക്കാര്‍ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചിരുന്നു.

ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് എന്നിവമൂലം വിഷമിക്കുന്നവര്‍ മരുന്ന് സ്വീകരിക്കുന്നവരിലുണ്ട്. എന്നാല്‍, മൂന്നുമാസമായി വയോമിത്രയ്ക്ക് മരുന്ന് ലഭിക്കുന്നില്ല.

മരുന്നുവാങ്ങിയ ഇനത്തില്‍ 30 കോടി രൂപയോളം സര്‍ക്കാര്‍ നല്‍കാനുണ്ട്. യൂണിറ്റുകളിലെ വാഹന കരാറുകാര്‍ക്കും പണം നല്‍കിയിട്ടില്ല. ഈ മാസം വയോമിത്രം ജീവനക്കാര്‍ക്ക് ശമ്പളവും മുടങ്ങി. പ്രശ്‌നം പരിഹരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്ത് ആളുമില്ലാതായി. ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിനു പകരം ആളെ നിയമിച്ചിട്ടില്ല.

Content Highlights: Vayomithram project stopped due to insufficient medicine and services