കൊച്ചി: ജില്ലയിൽ 15 മുതൽ 18 വയസ്സു വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. 32 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ‘കോവാക്സിൻ’ ആണ് നൽകുക. ജില്ലയിൽ ഈ പ്രായപരിധിയിൽ 1.7 ലക്ഷം കുട്ടികളുണ്ട്.

സ്കൂൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്താഴ്ചയോടെ സ്കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. അലർജി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുള്ള കുട്ടികൾ ആരോഗ്യകേന്ദ്രങ്ങളിൽത്തന്നെ കുത്തിവെപ്പ് എടുക്കണം.

വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. മുഴുവൻ കുട്ടികൾക്കും വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും ഉറപ്പാക്കണം. കുട്ടികൾക്കൊപ്പം വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കളും എത്തേണ്ടതാണ്.

കുട്ടികളുടെ വാക്സിനേഷനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ചു. www.cowin.gov.in എന്ന വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം.

31-ന് മുമ്പ് ആദ്യ ഡോസ് നൽകാൻ ശ്രമം

ഈ മാസം 31-ഓടെ ജില്ലയിലെ എല്ലാ കുട്ടികൾക്കും ആദ്യ ഡോസ് ലഭ്യമാക്കാനാണ് ശ്രമം. എന്നാൽ, വാക്സിന്റെ ലഭ്യതയനുസരിച്ചേ ഇത് പൂർത്തീകരിക്കാനാവൂ. കുട്ടികൾക്കായിട്ടുള്ള വാക്സിൻ വന്നിട്ടില്ല. മുതിർന്നവർക്ക് എത്തിയതിൽ 14,000 ഡോസ് ആണ് തിങ്കളാഴ്ച ഉപയോഗിക്കുക. വരുംദിവസങ്ങളിൽ അഞ്ച് ലക്ഷം ഡോസ് കുട്ടികൾക്കായി എത്തും.

-ഡോ. എം.ജി. ശിവദാസ്
വാക്സിൻ നോഡൽ ഓഫീസർ

ജില്ലയിലെ കേന്ദ്രങ്ങൾ

അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, ചേരാനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം, ഇടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം, കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം, നോർത്ത് പറവൂർ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം, കാലടി സാമൂഹികാരോഗ്യ കേന്ദ്രം, കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, മട്ടാഞ്ചരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം, വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രം, മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, മുനമ്പം കുടുംബാരോഗ്യ കേന്ദ്രം, മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രം, നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം, എറണാകുളം ജനറൽ ആശുപത്രി, കടവന്ത്ര അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം, കോതമംഗലം താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, പല്ലാരിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, പാമ്പാക്കുട സാമൂഹികാരോഗ്യ കേന്ദ്രം, മൂവാറ്റുപുഴ ജില്ലാശുപത്രി, പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം, പിറവം താലൂക്ക് ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം, വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം.

Content Highlights: vaccine for children, vaccination for children to begin today