ന്യൂഡൽഹി : കുട്ടികൾക്ക് തത്‌കാലം കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.).

തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കോവിഡ് ബൂസ്റ്റർ ഡോസ് മുതിർന്നവർക്ക് നൽകണമെന്ന നിർദേശത്തിലും തീരുമാനമെടുത്തില്ല. നിലവിൽ രണ്ടുഡോസ് കുത്തിവെപ്പ് പൂർത്തിയാക്കുന്നതിലാണ് കേന്ദ്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

രാജ്യത്ത് കുട്ടികളുടെ കോവിഡ് മരണം വളരെ കുറച്ചുമാത്രമാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ഒമിക്രോൺ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.

പന്ത്രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികളിൽ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെൽത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്സിന് ഡ്രഗ്‌സ് കൻട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പൂർണതോതിൽ ഉപയോഗിക്കാൻ ഒരു വാക്സിനുപോലും ഇന്ത്യ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ തീരുമാനമുണ്ടായാൽ തന്നെ മറ്റ് രോഗങ്ങളുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാകും ആദ്യഘട്ടത്തിൽ പരിഗണിക്കുക.

വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിൽ

സൈക്കോവ്-ഡിക്ക് പുറമേ കുട്ടികളിൽ ഉപയോഗിക്കുന്ന നാലു വാക്സിനുകൾ കൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്. രണ്ടുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകാവുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, രണ്ടുമുതൽ 17 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള നാനോപാർട്ടിക്കിൾ (ദ്രവ കോവോവാക്സിൻ), ജോൺസൺ ആൻഡ് ജോൺസണിന്റെ എ.ഡി. 26കോവ്.2എസ്, 5-18 വയസ്സിനിടയിലുള്ളവർക്കുള്ള ബയോളജിക്കൽ ഇ. യുടെ ആ.ബി.ഡി. തുടങ്ങി വാക്സിനുകൾ 2-3 ഘട്ട പരീക്ഷണത്തിലാണ്. പരീക്ഷണം വിജയകരമായി പൂർത്തിയായാൽ അടുത്ത വർഷത്തോടെ ഇവ കുട്ടികൾക്ക് നൽകാനാകുമെന്ന് കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചു.

ഒമിക്രോൺ: രാജ്യങ്ങളുടെ പട്ടിക ഇന്ത്യ പുതുക്കി

ന്യൂഡൽഹി: ഇന്ത്യയിൽ എത്തുന്നവർക്ക് അധിക കോവിഡ് പരിശോധന ആവശ്യമുള്ള ഒമിക്രോൺ ബാധിത രാജ്യങ്ങളുടെ പട്ടിക പുതുക്കി. ഘാനയെയും ടാൻസാനിയയെയും പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി.

യു.കെ., ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വേ, സിങ്കപ്പൂർ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളും ഹോങ്‌കോങ്ങുമാണ് പട്ടികയിലുള്ളത്. ഇവിടങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയമാക്കി നെഗറ്റീവാണെന്ന് ഉറപ്പാക്കിയേ പുറത്തുവിടൂ.

Content Highlights: vaccine for children, booster vaccine, booster dose