കേരള ഗവൺമെന്റിന്റെ  എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുക എന്ന നയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ‘വാക്സിൻചലഞ്ച്’  കാമ്പയിനിൽ തൃശൂർ ചേതന മീഡിയ കോളേജിലെ വിദ്യാർഥികളും  അധ്യാപകരും പങ്കാളികളാകുന്നത് നവീന രീതികളിലൂടെയാണ്.

`ആർട്ട് ഫോർ അവൈർനെസ്സ് ' എന്ന പേരിൽ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ  തുടക്കമിട്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി ഇരുപതോളം പോസ്റ്ററുകൾ, വീഡിയോകൾ  എന്നിവ ഇതിനകം അവർ പുറം ലോകവുമായി പങ്കു വെച്ച കഴിഞ്ഞു. കോളേജിലെ `ഡിസൈൻ ഹബ്' എന്ന സംഘത്തിൻ്റെ കോ-ഓർഡിനേറ്റർമാരായ ഗോഡ്‌വിൻ ലൂക്ക പൗലോസ്, ലക്ഷ്മിപ്രിയ, ശൈത്യ എന്നിവരുടെ നേതൃത്വത്തിൽ  അമ്പതോളം വിദ്യാർഥികളാണ് ഈ സാമൂഹ്യ മാധ്യമ  പ്രചാരണ പദ്ധതിക്കു മുന്നോട്ട് ഇറങ്ങിയിരിക്കുന്നത്. കോളജിലെ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ വിഭാഗം മേധാവിയും പ്രശസ്ത കലാസംവിധായകനുമായ റാസി മുഹമ്മദ് ആണ്  ഈ കാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്. 

കോവിഡ് സാഹചര്യങ്ങൾ മൂലം വീണ്ടും വീട്ടിലിരിക്കേണ്ടി വന്നിരിക്കുന്ന വിദ്യാർത്ഥികൾ `വർക്ക് ഫ്രം ഹോം'  ആയിട്ടാണ് ഈ വിഷ്വൽ ആർട്ട് പ്രോജക്ടിന്റെ നിർവഹണം ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്ററുകളിലും വീഡിയോകളിലും അനുബന്ധമായിട്ടുള്ള കൊച്ചു കവിതകൾ, വാർത്തകൾ, ബ്ലോഗുകൾ  എന്നിവയിലും നിറഞ്ഞു നിൽക്കുന്ന സന്ദേശങ്ങൾ  മടി കാണിക്കാതെ എല്ലാവരും വാക്‌സിനഷനു മുന്നിട്ടിറങ്ങാനുള്ള പ്രചോദനം, എല്ലാവർക്കും വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുന്ന കേരള സർക്കാർ  നിലപാടിനോട് ഐക്യ ദാർഢ്യം, സമൂഹത്തിൽ നിരന്തര കോവിഡ് ജാഗ്രതയുടെ പ്രാധാന്യം എന്നിവയാണ്.  

ഈ വിഷ്വൽ  ആർട്ട് കാമ്പയിനിൽ  മുഴുകിയിരിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും ഇതിനു പുറമെ തങ്ങളുടേതായ നിലയിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസഫണ്ടി (CMDRF) ലേക്കു ചെറിയ തുകകൾ സംഭാവനയായി  സമാഹരിച്ചു  ‘വാക്സിൻചലഞ്ചിൽ' അങ്ങനെയും സജീവ പങ്കാളിത്തം എടുക്കുന്നുണ്ട്. കോവിഡ്  കാലത്തെ തടസ്സങ്ങൾ  നീങ്ങി കഴിയുമ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കലാസൃഷ്ടികളുടെ പൊതുജനങ്ങൾക്കായുള്ള  പ്രദർശനം കോളേജിൽ സംഘടിപ്പിക്കാനും  അത് വഴി 'CMDRF' ലേക്കുള സംഭാവന തുക വർധിപ്പിക്കാനും  ഡിസൈൻ ഹബ്  പ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.    

Content Highlights: Vaccine challenge visual media campaign by media students