ചെന്നൈ: കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് 65 ശതമാനം സമ്പൂര്‍ണ പ്രതിരോധശേഷിയെന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സി.എം.സി.) നടത്തിയ പഠനത്തിലാണ് വാക്‌സിനെടുത്തവര്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്.

വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാലും ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. കൃത്രിമ ഓക്‌സിജന്‍ ആവശ്യമായിവരുന്ന അവസ്ഥയിലെത്തുന്നതിനുള്ള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടിവരുന്ന സ്ഥിതി വെറും ആറ് ശതമാനവുമാണെന്നും പഠനത്തില്‍ കണ്ടെത്തി.

കോവിഡ് ചികിത്സനല്‍കുന്ന വെല്ലൂരിലെ പ്രധാന ആശുപത്രികളിലൊന്നായ സി.എം.സി.യില്‍ കോവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്.

കോവിഡ് രോഗികളുമായി എപ്പോഴും ഇടപെടേണ്ടിവരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ 65 ശതമാനം സുരക്ഷലഭിക്കുമെങ്കില്‍ സാധാരണ ആളുകള്‍ക്ക് ഇതിലും കൂടുതലായിരിക്കും.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സി.എം.സി.യിലെ 7,080 ജീവനക്കാരില്‍ 679 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 10 ശതമാനത്തില്‍ താഴെയാണ്. ഇവരില്‍ 64 പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ വേണ്ടിവന്നത്. നാല് പേര്‍ക്ക് ഓക്‌സിജന്‍ വേണ്ടിവന്നു. രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പോലും മരിച്ചില്ല. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 1,878 പേരില്‍ 200 പേര്‍ക്ക് അതിന് ശേഷം കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ വേണ്ടിവന്നു.

വാക്‌സിന്‍ സ്വീകരിക്കാത്ത 1,609 പേരില്‍ 438 പേര്‍ക്കും രോഗം ബാധിച്ചു. 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു. എട്ടുപേരെ തിവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ മരിച്ചു. വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണമല്ല നടത്തിയതെന്നും ഈ പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും സി.എം.സി.അധികൃതര്‍ വ്യക്തമാക്കി.

Content Highlights:  vaccination for Covid 19