Representative image | Photo: AFP
ന്യൂഡൽഹി: രാജ്യത്ത് അറുപതുവയസ്സിന് മുകളിലുള്ളവരുടെ പ്രതിരോധകുത്തിവെപ്പുനിരക്ക് കുറവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) റിപ്പോർട്ട്. ഡിഫ്തീരിയ-ടെറ്റനസ് (ഡി.ടി.), ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്-ബി, ഇൻഫ്ളുവൻസ, ന്യൂമോകോക്കൽ വാക്‌സിൻ എന്നിവയുടെ കുത്തിവെപ്പുനിരക്ക് അടിസ്ഥാനമാക്കി ഭുവനേശ്വറിലെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മുതിർന്നവരുടെ പ്രതിരോധ കുത്തിവെപ്പുനിരക്ക് സംബന്ധിച്ച് രാജ്യത്ത് നടത്തുന്ന ആദ്യപഠനമാണിത്. 60 വയസ്സിനുമുകളിലുള്ളവരിൽ 2.75 ശതമാനം പേർക്കുമാത്രമാണ് ഡി.ടി. കുത്തിവെപ്പ് ലഭിച്ചിട്ടുള്ളത്. ടൈഫോയ്ഡ് കുത്തിവെപ്പ് 1.84 ശതമാനം പേർക്കും ഹെപ്പറ്റൈറ്റിസ്-ബി 1.82 ശതമാനം പേർക്കും ലഭിച്ചു. മുതിർന്നവരിൽ 1.59 ശതമാനം ആളുകൾക്ക് ഇൻഫ്ളുവൻസ കുത്തിവെപ്പും 0.74 പേർക്ക് ന്യൂമോകോക്കൽ വാക്‌സിനും ലഭിച്ചു.
സമ്പന്നവിഭാഗത്തിൽപ്പെട്ട മുതിർന്നവരിൽ കുത്തിവെപ്പുനിരക്ക് താരതമ്യേന കൂടുതലെന്ന് പഠനത്തിലുണ്ട്. സമ്പന്നരിൽ 5.53 ശതമാനം പേർക്ക് ന്യൂമോകോക്കൽ, 5.24 ശതമാനം പേർക്ക് ഹെപ്പറ്റൈറ്റിസ്-ബി കുത്തിവെപ്പുകൾ ലഭിച്ചു. 3.32 ശതമാനം മുതിർന്ന പൗരന്മാർക്ക് ഇൻഫ്ലുവൻസ, 3.53 ശതമാനം ആളുകൾക്ക് ടൈഫോയ്‌ഡ്, 3.6 ശതമാനം പേർക്ക് ഡി.ടി എന്നിങ്ങനെയാണ് മറ്റുകുത്തിവെപ്പുകളുടെ നിരക്ക്.
ഇരുവിഭാഗത്തിലെയും പ്രമേഹരോഗികളിൽ ന്യൂമോകോക്കൽ, ഇൻഫ്ളുവൻസ കുത്തിവെപ്പുകൾ കുറവാണെന്നും പഠനത്തിലുണ്ട്. പ്രായപൂർത്തിയായവർക്കുള്ള കുത്തിവെപ്പിന് രാജ്യത്ത് സാർവത്രിക പരിപാടിയില്ലാത്തതിനാൽ പണം നൽകണം. ഇതാണ് നിരക്ക് കുറയാൻ കാരണമെന്ന് ആർ.എം.ആർ.സി. ഡയറക്ടർ ഡോ. സംഘമിത്ര പതി പറഞ്ഞു. കോവിഡിനുശേഷം ഇത് ആശുപത്രി പ്രവേശനവും മരണങ്ങളും ഉയർത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. കോവിഡ് കുത്തിവെപ്പിന് സമാനമായി എല്ലാ മുതിർന്നവർക്കും കുത്തിവെപ്പ് സൗജന്യമായി വിതരണംചെയ്യുന്നത് ഉയർന്ന പ്രതിരോധനിരക്ക് കൈവരിക്കാൻ സഹായിക്കുമെന്ന് ആർ.എം.ആർ.സി. ശാസ്ത്രജ്ഞൻ ഡോ. ശ്രീകണ്ഠ കനുങ്കോയും ചൂണ്ടിക്കാട്ടി.
Content Highlights: vaccination abysmally low among above 60 in india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..