Representative Image | Photo: AFP
ലണ്ടൻ: ഗർഭകാലത്ത് പെയിൻകില്ലറുകളുടെ അമിതോപയോഗം നവജാതശിശുവിനെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് പഠനം. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭ്യമാകുന്ന പെയിൻകില്ലറുകളുടെ ജാഗ്രതയില്ലാത്ത ഉപയോഗം നവജാതശിശുവിന് പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് പഠനത്തിൽ പറയുന്നത്. ഗർഭകാലത്തെ പെയിൻകില്ലറുകളുടെ ഉപയോഗത്തെ ആസ്പദമാക്കി യുകെയിലെ അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
മുപ്പതുവർഷത്തിനിടയിലെ 151,000 ഗർഭിണികളുടെ ഡാറ്റയെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഗർഭകാലത്ത് പ്രിസ്ക്രിപ്ഷനില്ലാതെ പാരസെറ്റാമോൾ, ആസ്പിരിൻ, ഡൈക്ലോഫിനാക്, നാപ്രോക്സിൻ, ഐബുപ്രൂഫൻ തുടങ്ങിയവയോ അവയുടെ മിശ്രിതങ്ങളോ ഉപയോഗിച്ചതായി പഠനത്തിൽ കണ്ടെത്തി. ഇത്തരം പെയിൻകില്ലറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഗർഭിണികളിൽ അമ്പതുശതമാനത്തോളം പേരിൽ ഗർഭം പൂർണ വളർച്ചയെത്തും മുമ്പേ പ്രസവത്തിനുള്ള സാധ്യത കൂട്ടുന്നു എന്ന് കണ്ടെത്തി. ഗർഭം അലസിപ്പോകാനുള്ള സാധ്യത മുപ്പത്തിമൂന്നു ശതമാനവുമാണ്.
അറുപത്തിനാലു ശതമാനം കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് തകരാറുകളും അമ്പത്തിയേഴ് ശതമാനം പേരിൽ നിയോനേറ്റൽ യൂണിറ്റിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും അമ്പത്തിയാറ് ശതമാനം പേരിൽ നവജാതശിശുക്കളുടെ മരണവും ഇരുപത്തിയെട്ടു ശതമാനം പേരിൽ തൂക്കക്കുറവും കണ്ടെത്തിയതായി പഠനത്തിലുണ്ട്.
ആഗോളതലത്തിൽ മുപ്പതു മുതൽ എൺപതു ശതമാനത്തോളം ഗർഭിണികളും പനി, വാതസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നു കഴിക്കുന്ന സ്ഥിതിയുണ്ട്. തെറ്റായ വിവരങ്ങളും പകുതി അറിവോടെയുള്ള സ്വയം ചികിത്സകളും ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങളുമൊക്കെയാണ് വിദഗ്ധരുടെ സേവനം ഇല്ലാതെ ഗർഭിണികൾ പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നതിന് പിന്നിലെന്നും പഠനത്തിലുണ്ട്.
ഗർഭിണികൾ പ്രിസ്ക്രിപ്ഷനില്ലാതെ ഏതു മരുന്ന് കഴിക്കുന്നതിന് മുമ്പും ഡോക്ടർമാരുടെ അനുമതി തേടിയിരിക്കണമെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..