Representative Image| Photo: Canva.com
കാൻസർ എന്ന് കേൾക്കുമ്പോഴേക്കും മരണം നിശ്ചയിച്ചിരുന്ന കാലത്തു നിന്ന് ചികിത്സാരംഗം ഇന്നേറെ പുരോഗമിച്ചു. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടിയാൽ കാൻസറിനെ തോൽപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന നിരവധി അനുഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും രോഗനിർണയം നടത്താൻ വൈകുന്നതാണ് കാൻസറിന്റെ കാര്യത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നത്. ഇപ്പോഴിതാ അമ്പത് വ്യത്യസ്ത തരത്തിലുള്ള കാൻസറുകളെ സ്ഥിരീകരിക്കാൻ കഴിയുന്ന ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചുവെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഗ്രെയിൽ കമ്പനി. ഇതേക്കുറിച്ച് സിംപ്ലിഫൈ എന്ന പേരിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വിശദമായ പഠനം നടത്തിയിട്ടുണ്ട്.
അമ്പതിനായിരത്തോളം പേരിൽ നടത്തിയ ഗാലെരി ബ്ലഡ് ടെസ്റ്റിലാണ് കാൻസർ സ്ഥിരീകരണം സാധ്യമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ലക്ഷണങ്ങൾ പ്രകടമായിരുന്ന ഇക്കൂട്ടരിൽ നടത്തിയ ബ്ലഡ് ടെസ്റ്റിൽ 85 ശതമാനത്തോളം സ്ഥിരീകരണം വിജയകരമായിരുന്നു എന്നാണ് പറയുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക സമ്മേളനത്തിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
രക്തത്തിൽ ട്യൂമർ ഡി.എൻ.എ.യുടെ സാന്നിധ്യം പ്രകടമായി എന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ ബാധിച്ച ഭാഗം ഉൾപ്പെടെ കൃത്യമായി തിരിച്ചറിയാൻ ഇത് ഡോക്ടർമാരെ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. പതിനെട്ടും അതിനു മുകളിലും പ്രായമുള്ള 6,238 രോഗികളിലാണ് ടെസ്റ്റ് നടത്തിയത്. അവരിൽ ഭൂരിഭാഗവും പലരോഗലക്ഷണങ്ങളാൽ കാൻസർ സംബന്ധമായ ടെസ്റ്റുകൾക്ക് നിർദേശിക്കപ്പെട്ടവരും ആയിരുന്നു.
കാൻസർ രോഗനിർണയം ദ്രുതഗതിയിലാക്കാനും ചെലവേറിയ മാർഗങ്ങൾ കുറയ്ക്കാനും ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽപ്പോലും രോഗനിർണയം നടത്താനും ഈ ടെസ്റ്റ് ഗുണം ചെയ്യുമെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ബ്രിയാൻ ഡി നിക്കോൾസൺ പറയുന്നു.
ബ്ലഡ് ടെസ്റ്റിനൊടുവിൽ പോസിറ്റീവ് ആയവരിൽ 75 ശതമാനം പേർക്കും പിന്നീട് കാൻസർ സ്ഥിരീകരിക്കുകയുണ്ടായി. കാൻസർ സ്ഥിരീകരിക്കുന്നതിൽ 85 ശതമാനത്തോളം കൃത്യത ഉറപ്പുവരുത്തുന്നതാണ് ഈ ടെസ്റ്റ്.- പഠനത്തിൽ പങ്കാളിയായ ഗവേഷകനായ പാർക് മിഡിൽടൺ പറഞ്ഞു.
പലപ്പോഴും രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എന്തു ടെസ്റ്റ് ആണ് നടത്തേണ്ടതെന്ന് ഡോക്ടർമാർക്ക് സംശയം തോന്നാമെന്നും അത്തരം ഘട്ടങ്ങളിൽ ഉപകാരപ്രദമാകുന്ന രീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ കഴിയുന്നതും വേഗത്തിൽ കണ്ടെത്താനുള്ള ആദ്യപടിയാണ് ഇതെന്നും ഇതുവഴി ആയിരത്തോളം ജീവനുകളെ രക്ഷിക്കാനാവുമെന്നും എൻഎച്ച്എസ് കാൻസർ നാഷണൽ ഡയറക്ടർ പ്രൊഫസർ പീറ്റർ ജോൺസൺ പറഞ്ഞു.
ടെസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയാണ്.
Content Highlights: US company comes up with miracle blood test that can detect 50 types of cancer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..