മൻസുഖ് മാണ്ഡവ്യ } ഫോട്ടോ: പി.ടി.ഐ
ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ. ഏതുസാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്ജമായിരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. ഐ.സി.യു ബെഡുകൾ, ഓക്സിജൻ വിതരണം, മറ്റ് അത്യാഹിത സേവനങ്ങൾ തുടങ്ങിയവയെല്ലാം സജ്ജമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡിന്റെ സ്വഭാവത്തെ മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. എന്നാൽ നിലവിലെ വർധനവിന് കാരണമായ ഉപവകഭേദങ്ങൾ ഗുരുതരസാഹചര്യം ഉണ്ടാക്കാൻ തക്ക അപകടകാരികൾ അല്ലെന്നും മന്ത്രി പറഞ്ഞു.
കായികപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഉൾപ്പെടെയുള്ള യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നത് സംബന്ധിച്ച വിഷയത്തിലും മന്ത്രി പ്രതികരിച്ചു. യുവാക്കളുടെ ഹൃദയാഘാതം വർധിക്കുന്നതിന് കോവിഡുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് സർക്കാർ പഠനം നടത്തുന്നുണ്ട്. മൂന്നുമാസത്തിനുള്ളിൽ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറയുന്നുണ്ട്. നേരത്തേ വ്യാപിച്ച കോവിഡ് വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ BF.7 ന്റേതായിരുന്നു. നിലവിലുള്ളത് XBB1.16 എന്ന വകഭേദമാണ്. പുതിയ വകഭേദം സ്ഥിരീകരിക്കുമ്പോഴെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി അവയ്ക്കുമേലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നുണ്ട്. നിലവിൽ സ്ഥിരീകരിച്ചിട്ടുള്ള എല്ലാ വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുമാസക്കാലമായി സ്ട്രോക്കും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഐ.സി.എം.ആർ പഠനം നടത്തുന്നുണ്ടെന്നും അടുത്ത മൂന്നുമാസത്തിനുള്ളിൽ പഠനം പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Union Health Minister Mansukh Mandaviya on covid


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..