പാലിയേക്കരയിലെ മദ്യശാലയ്ക്ക് മുന്നിൽ ശനിയാഴ്ച രാത്രിയും അവസാനിക്കാത്ത തിരക്ക്
തൃശ്ശൂർ: 2020 ജനുവരി 30. രാജ്യത്തേക്ക് കോവിഡ് എത്തിയ വാർത്ത പടർന്നത് തൃശ്ശൂരിൽനിന്ന്. തൃശ്ശൂർ സ്വരാജ് റൗണ്ടിലുള്ള ജനറൽ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയായിരുന്നു അത്. അന്ന് രോഗഭയത്താൽ അവിടെ അഡ്മിറ്റായിരുന്നവരെല്ലാം ആശുപത്രി വിട്ടു. ഇന്ന് ആ സംഭവത്തിന്റെ രണ്ടാം വാർഷികദിനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കോവിഡ് ബാധിതർ ചികിത്സ തേടി ഒഴുകിെയത്തുകയാണ്. രോഗവ്യാപനം അതിന്റെ മൂർധന്യാവസ്ഥയിലാണ്. ചികിത്സ തേടിയെത്തുന്ന എല്ലാവരെയും പ്രവേശിപ്പിക്കാനാകാതെ പതറുകയാണ് ആരോഗ്യപ്രവർത്തകർ.
തൃശ്ശൂരിൽ രോഗവ്യാപനം രൂക്ഷമാണ്. നില അതിഗുരുതരമായി തുടരുമ്പോഴും രോഗം പടരാതിരിക്കുന്നതിനായി ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ ആരും പാലിക്കുന്നില്ല. സാമൂഹിക അകലവും ആശുപത്രിയിൽ പാലിക്കപ്പെടുന്നില്ല. മാസ്ക് ധരിച്ചാണ് എല്ലാവരും എത്തുന്നതെങ്കിലും ശരിയായ രീതിയിൽ മാസ്ക് ധരിച്ചവർ വിരളം. രണ്ടുവർഷം മുമ്പ് രോഗത്തെ മരണഭീതിയോടെ കണ്ട ജനത ഇപ്പോൾ ഇൗ രോഗം എനിക്ക് മാത്രം വരില്ലെന്നും വന്നാൽതന്നെ കാര്യമായി ബാധിക്കില്ലെന്നുമുള്ള തെറ്റായ വിശ്വാസത്തിലാണ്.

പനമ്പിള്ളി കോളേജിൽ കോവിഡ് നിയന്ത്രണലംഘനം
ചാലക്കുടി: പൊതുപരിപാടികൾ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണം നിലനിൽക്കെ മന്ത്രിയും എം.എൽ.എ.യുമടക്കം പങ്കെടുത്ത പൊതുസമ്മേളനം ചാലക്കുടിയിൽ.
പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലാണ് വേദിയിലും സദസ്സിലുമായി 50-ലധികം പേരെ പങ്കടുപ്പിച്ച് ശനിയാഴ്ച രാവിലെ പരിപാടി നടത്തിയത്. പുതുതായി നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം, പരീക്ഷാഹാൾ, ഹോസ്റ്റലിന്റെ പുതിയ ബ്ലോക്ക്, ലൈബ്രറി ബ്ളോക്ക് തുടങ്ങിയവയുടെ ഉദ്ഘാടനമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.
കോവിഡ് വ്യാപനത്തിലെ മാനദണ്ഡപ്രകാരം ജില്ല ബി കാറ്റഗറിയിലായതിനാൽ രാഷ്ടീയ, സാമൂഹിക, സാസ്കാരിക, മത, സാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് പനമ്പിള്ളി കോളേജിൽ ഉദ്ഘാടനപരിപാടി നടന്നത്.
വേദിയിൽത്തന്നെ 13 പേർ മുഴുവൻ സമയവുമുണ്ടായിരുന്നു. ചിലപ്പോൾ ഇത് 15 വരെയെത്തി. വിദ്യാർഥികളെ മാറ്റിനിർത്തിയായിരുന്നു പരിപാടി.
സനീഷ്കുമാർ ജോസഫ് എം.എൽ.എ., മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, മുൻ എം.എൽ.എ. ബി.ഡി. ദേവസ്സി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, മുനിസിപ്പൽ കൗൺസിലർ, സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: two years of covid, covid rate in kerala, covid rate in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..