കൊച്ചി: ലോകത്തിന്റെ ഏതോ കോണില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന രണ്ടു പേര്‍. ആരെന്നറിയില്ല, ഏത് രാജ്യക്കാരെന്നു പോലും. സ്വന്തം രക്ത മൂലകോശം അവര്‍ക്ക് ദാനം ചെയ്യാന്‍ എറണാകുളം കൊങ്ങോര്‍പ്പിള്ളിയില്‍ ഊരാംവേലി വീട്ടില്‍ റോഷിനും കൊല്ലം കുണ്ടറ ചൈതന്യയില്‍ അശ്വിനിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല, അവരുടെ ഊരോ പേരോ ജാതിയോ ഒന്നും.

2016-ല്‍ തൃക്കാക്കര ഭാരതമാതാ കോളേജില്‍ എം.എസ്.ഡബ്ല്യു. ക്ലാസുകള്‍ക്കിടയിലാണ് രക്ത മൂലകോശ ദാനത്തെക്കുറിച്ച് ഇവര്‍ അറിയുന്നത്. സന്നദ്ധ സംഘടനയായ 'ദാത്രി'യുടെ ക്യാമ്പില്‍നിന്നായിരുന്നു ഇത്. അച്ഛന്‍ മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് റോഷിനെ തേടി ദാത്രിയുടെ ഫോണ്‍ എത്തുന്നത്. രക്ത മൂലകോശം ദാനം ചെയ്യുന്ന കാര്യം അഭ്യര്‍ഥിച്ചായിരുന്നു ഇത്. പിന്നെ വൈകിയില്ല.

അശ്വനിയാകട്ടെ മൂന്നു വയസ്സുള്ള മകളുമായാണ് കൊല്ലത്തുനിന്ന് എറണാകുളത്ത് കോശദാനത്തിനായി എത്തുന്നത്. കോവിഡ് കാലമായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍, വൈകിയാല്‍ രോഗിയുടെ ജീവിതംതന്നെ അപടത്തിലായേക്കുമെന്നായിരുന്നു ചിന്ത. പിന്നീട് കോശദാനത്തിനു വേണ്ട ആരോഗ്യ പരിശോധനകള്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ മാറിയ ഉടന്‍തന്നെ ഇരുവരും കൊച്ചി അമൃത ആശുപത്രിയിലെത്തി രക്ത മൂലകോശം ദാനം ചെയ്തു.

രക്തദാനത്തിനു പോലും ആളുകള്‍ മടിക്കുന്ന സാഹചര്യത്തില്‍ ഇരുവരും സന്നദ്ധരായെത്തിയത് മാതൃകാപരമാണെന്ന് 'ദാത്രി'യുടെ കേരളത്തിലെ ഓപ്പറേഷന്‍സ് ഹെഡ് എബി സാം ജോണ്‍ പറഞ്ഞു.

രക്ത മൂലകോശ ദാനം

രക്താര്‍ബുദം പോലുള്ള നൂറിലേറെ മാരക രോഗങ്ങള്‍ക്കുളള അവസാന പ്രതീക്ഷയാണ് രക്ത മൂലകോശം (ബ്ലഡ് സ്റ്റം സെല്‍) മാറ്റിവെക്കല്‍. രക്ത മൂലകോശത്തിന് ജനിതക സാമ്യം വേണം. കുടുംബത്തില്‍നിന്നോ സഹോദരങ്ങളില്‍നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 ശതമാനമാണ്. 10,000-ത്തില്‍ ഒന്നു മുതല്‍ 20 ലക്ഷത്തില്‍ ഒന്ന് വരെയാണ് രോഗിക്ക് പുറമേ നിന്ന് യോജിച്ച മൂലകോശം ലഭിക്കാനുള്ള സാധ്യത.

രക്ത മൂലകോശം ദാനം ചെയ്യാനായി www.datri.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Content Highlights: Two friends from Kerala donate blood stem cells to cancer patients