ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് രാജ്യം ഇരട്ടക്കവചത്തോടെ സജ്ജം. രണ്ടു പ്രതിരോധ വാക്സിനുകൾക്കു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, തദ്ദേശീയമായി നിർമിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ച് അനുമതി നൽകിയത്. കാഡില ഹെൽത്ത്കെയർ വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതിയായി.

വാക്സിനുകളുടെ പ്രതിരോധശേഷിയെയും സുരക്ഷയെയും കുറിച്ചു നിർമാതാക്കൾ നൽകിയ വിവരങ്ങൾ പരിശോധിച്ചശേഷമാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) വിദഗ്ധസമിതി ശുപാർശ ചെയ്തത്.

അതേസമയം, കോവാക്സിനു മൂന്നാംഘട്ട പരീക്ഷണം കഴിയുംമുമ്പ് അനുമതി നൽകിയെന്ന് ശശി തരൂരടക്കമുള്ള പ്രതിപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ വാക്സിനുകൾക്ക് അനുമതി നൽകിയ ഇന്ത്യയുടെ നടപടിയെ ലോകാരോഗ്യ സംഘടനപോലും സ്വാഗതം ചെയ്തപ്പോൾ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾ സ്വയം വിലകുറച്ചു കാണലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. കോവാക്സിൻ കരുതൽ ശേഖരമായാവും ആദ്യം ഉപയോഗിക്കുകയെന്നും മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഫലപ്രാപ്തിയനുസരിച്ചാകും തുടർനടപടികളെന്നും ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ സൂചിപ്പിച്ചു.

കോവാക്സിൻ

ഹോൾ വിറിയൺ ഇനാക്റ്റിവേറ്റഡ് കൊറോണ വൈറസ് വാക്സിൻ അണുബാധയുണ്ടാക്കാനോ പെരുകാനോ കഴിയാത്തവണ്ണം നിർജീവമാക്കിയ കൊറോണ വൈറസ് ഘടകം ഉപയോഗിച്ചുണ്ടാക്കിയത്

 • നൽകേണ്ടത് രണ്ടു ഡോസ്.
 • വികസിപ്പിച്ചത്: ഭാരത് ബയോടെക്, ഹൈദരാബാദ്
 • സഹകരിച്ചത് ഐ.സി.എം.ആറും പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും.
 • സുരക്ഷയിലും ഫലപ്രാപ്തിയിലും മികച്ച റെക്കോഡുള്ള വെറോസെൽ പ്ലാറ്റ്ഫോമിൽ നിർമാണം.
 • ഒന്നും രണ്ടുംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ 800 പേരിൽ. മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുന്നത് 25,800 പേർ. 22,500 പേർ വാക്സിൻ സ്വീകരിച്ചു. ലഭ്യമായ വിവരങ്ങൾവെച്ച് സുരക്ഷിതം. ക്ലിനിക്കൽ പരീക്ഷണം തുടരും.


കോവിഷീൽഡ്

റികോംബിനന്റ് ചിമ്പാൻസി അഡിനോവൈറസ് വെക്ടർ വാക്സിൻചിമ്പാൻസികളിൽ അണുബാധയ്ക്കു കാരണമാകുന്ന, ജലദോഷമുണ്ടാക്കുന്ന വൈറസിന്റെ ദുർബലപ്പെടുത്തിയ വകഭേദമുപയോഗിച്ച് ഉണ്ടാക്കിയത്

 • നൽകേണ്ടത് രണ്ടു ഡോസ്.
 • നിർമാണം:പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
 • വികസിപ്പിച്ചത് ഓക്സ്‌ഫഡ് സർവകലാശാല, അസ്ട്രാസെനെക്ക.
 • ക്ലിനിക്കൽ പഠനം വിദേശത്ത്. 23,745 പേര് പങ്കെടുത്തു.
 • ഫലപ്രാപ്തി 70.42 ശതമാനം.
 • ഇന്ത്യയിൽ 1600 പേരിൽ രണ്ടും മൂന്നുംഘട്ട പരീക്ഷണാനുമതി

പൂർണ സുരക്ഷിതം

നേരിയതോതിലെങ്കിലും സുരക്ഷാ ആശങ്കയുണ്ടെങ്കിൽ വാക്സിന് ഒരിക്കലും അനുമതി നൽകില്ല. വാക്സിനുകൾ നൂറുശതമാനവും സുരക്ഷിതമാണ്.
- വി.ജി. സോമാനി, ഡ്രഗ് കൺട്രോളർ ജനറൽ

നിർണായക വഴിത്തിരിവ്

കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരുന്ന നിർണായക വഴിത്തിരിവാണിത്. കോവിഡ് മുക്തവും ആരോഗ്യപൂർണവുമായ രാജ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാൻ ഇതു സഹായിക്കും. കഠിനാധ്വാനികളായ നമ്മുടെ ശാസ്ത്രജ്ഞരെയും നവീനാശയക്കാരെയും അഭിനന്ദിക്കുന്നു
- പ്രധാനമന്ത്രി നരേന്ദ്ര മോദി

Content Highlights: Two Covid Vaccines ready in India, Health, Covid19, Corona VIrus, Covid Vaccine