പ്രതീകാത്മക ചിത്രം | വര: വിജേഷ് വിശ്വംമാതൃഭൂമി
കല്പറ്റ: ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കുട്ടികളിലെ പോഷകാഹാരക്കുറവും തൂക്കക്കുറവും വ്യാപകമാകുമ്പോഴും സര്‍ക്കാരിന്റെ കണക്കില്‍ എല്ലാം ഭദ്രം. ആരോഗ്യവകുപ്പിന്റെ കണക്കില്‍ ജില്ലയില്‍ ഗുരുതര പോഷകാഹാരക്കുറവുള്ള 57-ല്‍ 46 കുട്ടികളും പോഷകാഹാരക്കുറവുള്ള 1021-ല്‍ 608 കുട്ടികളും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. എന്നാല്‍, യാഥാര്‍ഥ്യം ഇതിലും രൂക്ഷമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍തന്നെ സമ്മതിക്കും. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളില്‍ക്കിടയില്‍നിന്നുള്ള അമ്പതുശതമാനം കേസുകള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നാണ് അധികൃതരുടെ നിഗമനം.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍നിന്ന് മതിയായ ചികിത്സകിട്ടാതെ കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ കുഞ്ഞിന്റെ മരണം ഇതിന് ഉദാഹരണമാണ്. ഗുരുതരമായ പോഷകാഹാരക്കുറവും തൂക്കക്കുറവുമുണ്ടായിരുന്ന കുട്ടിക്ക് പോഷകാഹാരക്കുറവുള്ളതായോ തൂക്കക്കുറവുള്ളതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതുവരെയുള്ള പ്രതിരോധ കുത്തിവെപ്പുകളെല്ലാം കുട്ടിക്ക് എടുത്തിരുന്നു. എന്നാല്‍, ഇതിനിടെയൊന്നും തൂക്കം പരിശോധിച്ച് തൂക്കക്കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടി മരിച്ച മാര്‍ച്ച് 22-ന് തലേദിവസം കുട്ടിയെ പരിശോധിച്ച വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴിലെ ഡോക്ടര്‍ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കിയത്. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെനിന്ന് മതിയായ ചികിത്സലഭിക്കാതെ കുട്ടി മരിക്കുകയായിരുന്നു.
ഫെബ്രുവരിയില്‍ രണ്ടുകേസുകളില്‍ പ്രസവത്തിനിടെ അമ്മമാര്‍ മരണപ്പെട്ടതിനൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആദിവാസിക്കുഞ്ഞും മരിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ജില്ലയില്‍ ആരോഗ്യവകുപ്പ്.
രേഖപ്പെടുത്താത്ത മരണകാരണം
ആദിവാസിക്കുഞ്ഞുങ്ങളിലെ ഉയര്‍ന്ന മരണനിരക്കിനു പിന്നിലും പോഷകാഹാരക്കുറവാണെന്ന് നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പോഷകാഹാരക്കുറവ് മരണകാരണമായി രേഖപ്പെടുത്താത്തതിനാല്‍ ഇതില്‍ ഇടപെടലുണ്ടാവില്ല. കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ആദിവാസിക്കുഞ്ഞിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ന്യുമോണിയയും വിളര്‍ച്ചയുമാണ്. മൂലകാരണമായ പോഷകാഹാരക്കുറവ് എവിടെയുമില്ല. സമാനരീതിയിലാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം രേഖപ്പെടുത്തുന്നത്.
ഇതോടെ വലിയ കാന്‍വാസില്‍ ചര്‍ച്ചയാവേണ്ട പോഷാകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് പരാമര്‍ശിക്കാതെപോകുന്നത്. കുട്ടിയുടെ മരണം വിവാദമായതോടെ ആരോഗ്യവകുപ്പിലെ ഉന്നതര്‍ ജില്ലയിലെ ചില കോളനികളില്‍ വെള്ളിയാഴ്ച തന്നെ നടത്തിയ മിന്നല്‍പ്പരിശോധനയിലും പോഷകാഹാരക്കുറവുള്ള കൂടുതല്‍ കുട്ടികളെ കണ്ടെത്തിയതായാണ് സൂചന. കുട്ടികള്‍ക്കൊപ്പം ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെ അമ്മമാരുടെ ആരോഗ്യത്തിലും ശ്രദ്ധവേണമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
കൗമാരക്കാരികളില്‍ തുടങ്ങുന്ന വിളര്‍ച്ചയും ആരോഗ്യമില്ലായ്മയും നേരത്തേയുള്ള വിവാഹവും ഗര്‍ഭധാരണവും ലഹരിയുപയോഗവും തുടങ്ങി അമ്മയുടെ ആരോഗ്യമില്ലായ്മയാണ് പലപ്പോഴും കുട്ടിയുടെ ആരോഗ്യത്തിലും പ്രതിഫലിക്കുന്നത്. അത്തരത്തില്‍ കാരണം തിരിച്ചറിഞ്ഞ് തിരുത്താനുള്ളതരം ഇടപെടല്‍ എവിടെയുമുണ്ടാകുന്നില്ല.
വെറുതേയാവുന്ന സംവിധാനങ്ങള്‍
പട്ടികവര്‍ഗ വികസനവകുപ്പ്, ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്., തദ്ദേശസ്ഥാപനങ്ങള്‍ എന്നീ വിവിധ സംവിധാനങ്ങള്‍ക്കു കീഴിലായി ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും പരിചരണത്തിനും ഒട്ടേറെ തസ്തികകളാണുള്ളത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്ച്.എന്‍., എം.എല്‍.എസ്.പി., ആര്‍.ഡി.എസ്.കെ. നഴ്‌സ് എന്നിവര്‍ക്ക് മാതൃ-ശിശു ആരോഗ്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വമുണ്ട്. ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, എസ്.ടി. പ്രൊമോട്ടര്‍ തുടങ്ങിയ തസ്തികകള്‍ വേറെയും. നേരിട്ട് കോളനികളിലെത്തി ഇടപെടേണ്ട ഈ ഉദ്യോഗസ്ഥര്‍മുതല്‍ വകുപ്പ് തലവന്മാര്‍വരെ പലതലങ്ങളിലായി സംവിധാനങ്ങളുണ്ടെങ്കിലും കൃത്യമായ നിരീക്ഷണവും റിപ്പോര്‍ട്ട് ചെയ്യല്‍പോലും നടക്കുന്നില്ലെന്നാണ് ആക്ഷേപം. കോളനികള്‍ കേന്ദ്രീകരിച്ച് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സമഗ്ര ആരോഗ്യപരിശോധനയും വിവരശേഖരണവുമാണ് അടിയന്തരമായി നടക്കേണ്ടതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവും വിളര്‍ച്ചയുമെങ്കിലും ഈ രീതിയില്‍ അടിയന്തരമായി രേഖപ്പെടുത്തേണ്ടതുണ്ട്.
Content Highlights: tribal children in wayanad die due to malnutrition which is not being recorded officially
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..