നമ്മുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഏറ്റവും അത്യാവശ്യമുള്ളതാണ് ഉറക്കം. ഉറക്കത്തിന്റെ അളവ് കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ ഉറങ്ങിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന സംശയത്തില്‍ നാളുകളായി പഠനങ്ങള്‍ നടന്നുവരികയാണ്. ദിവസവും എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് സ്‌ട്രോക്കിന് വഴിവെക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. ആറുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയില്‍ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ടുമണിക്കൂറിലധികം ഉറങ്ങുന്നത് ശീലമാക്കിയവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത അധികമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

സമകാലിക ജീവിതശൈലി കാരണം 25 വയസ്സില്‍താഴെ പ്രായമുള്ളവരില്‍ അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാക്കുമെന്നും ഇത് സ്‌ട്രോക്കിനു കാരണമാകുമെന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ശരാശരി 62 വയസ്സ് പ്രായമുള്ള 32,000 പേരിലാണ് പഠനം നടത്തിയത്. ന്യൂറോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കത്തിന്റെ സമയക്രമവും സ്‌ട്രോക്ക് നിരക്കും ബന്ധിപ്പിച്ചാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്ത ഒഴുക്കില്‍ തടസ്സം നേരിടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ഇത് തലച്ചോറിലെ കോശങ്ങളില്‍ നാശനഷ്ടമുണ്ടാക്കും. ദിവസം ഒന്‍പത് മണിക്കൂറോ അതിലധികമോ ഉറങ്ങുന്നവരില്‍ എട്ടുമണിക്കൂറിന് താഴെ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 23 ശമതാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഉറങ്ങുന്നവരില്‍ 30 മിനിറ്റിനു താഴെ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം അധികമാണ്.  അതുപോലെ, കൂടുതല്‍ സമയം ഉറങ്ങുകയും എന്നാല്‍, നല്ല ഉറക്കം കിട്ടാതിരിക്കുകയും ചെയ്യുന്നവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത 82 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു.

Content highlights: too much excessive sleep may increase stroke risk