Photo: AFP
കോവിഡ് ആശുപത്രികളില്‍ നിന്നും പുറത്തുവരുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.
പതിനായിരക്കണക്കിന് ടണ്‍ അധികം മെഡിക്കല്‍ മാലിന്യങ്ങളാണ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനത്തിന് ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്.
കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ അടിയന്തിര ആവശ്യത്തിനായി അംഗരാജ്യങ്ങളിലേക്ക് 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലത്ത് 87,000 ടണ്‍ പി.പി.ഇ. കിറ്റുകള്‍ ആണ് നല്‍കിയത്. ഇവയെല്ലാം ഈ സമയത്തിനുള്ളില്‍ മെഡിക്കല്‍ മാലിന്യമായിട്ടുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതുപോലെ തന്നെയാണ് ഡിസ്പോസിബിള്‍ മെഡിക്കല്‍ മാസ്ക്കുകളുടെ കാര്യവും. സാധാരണക്കാരും വ്യാപകമായി ഉപയോഗിക്കുന്നതാണിത്.
140 മില്യണിലധികം ടെസ്റ്റ് കിറ്റുകള്‍ ഉത്പാദിപ്പിക്കുന്നത് 2600 ടണ്ണിലധികം നോണ്‍ ഇന്‍ഫെക്ഷ്യസ് വേസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന മെഡിക്കല്‍ മാലിന്യമാണ്. ഇവയില്‍ പ്രധാനമായിട്ടുള്ളത് പ്ലാസ്റ്റിക്കാണ്. 731,000 ലിറ്റര്‍ രാസമാലിന്യങ്ങളും ഇതിലൂടെ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതുതന്നെ ഏതാണ്ട് ഒരു ഒളിമ്പിക് സ്വിമ്മിങ് പൂളിന്റെ മൂന്നിലൊന്ന് വലുപ്പം വരും. ലോകത്താകമാനം നല്കിയ എട്ട് ബില്യണ്‍ ഡോസ് വാക്സിനുകളുടെ കണക്കെടുത്താല്‍ അതിനായി ഉപയോഗിച്ച സിറിഞ്ചുകള്‍, സൂചികള്‍, സുരക്ഷാ പെട്ടികള്‍ എന്നിവയുള്‍പ്പടെ ഏകദേശം 144,000 ടണ്‍ അധിക മാലിന്യങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
60 ശതമാനം അവികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 30 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരം മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും അതിന്റെ ഒപ്പമാണ് കോവിഡ് 19 മഹാമാരിയുടെ മാലിന്യങ്ങള്‍ കൂടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍, ഭാവിയിലെ മഹാമാരി സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ട് മെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്ക്കരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
Content Highlights: Tonnes of Covid19 health care waste expose urgent need to improve waste management systems says WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..