കൊച്ചി : അതിര്‍ത്തികളും ലോക്ക്ഡൗണും ഭേദിച്ച് ഡോക്ടര്‍മാര്‍ ആ കുരുന്ന് ഹൃദയം തുറന്നു; ജീവിതത്തിലേക്ക് ഒരു വിഷുക്കൈനീട്ടം. നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍നിന്ന് ബുധനാഴ്ച ലിസി ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം.

മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചത്. വിഷുദിനത്തില്‍ രാവിലെയാണ് നാഗര്‍കോവില്‍ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

ജനിച്ച ഉടന്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായി. അവിടത്തെ കാര്‍ഡിയോളജിസ്റ്റ് ഡോ. വെങ്കിടേഷ്, ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. എഡ്വിന്‍ ഫ്രാന്‍സിസിനെ ബന്ധപ്പെട്ടു. എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമായിരുന്നു.

അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കായി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ സഹായത്തിനായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. പിന്നീടെല്ലാം പൈട്ടന്നായിരുന്നു. ഉച്ചയ്ക്ക് 1.40ന് ആംബുലന്‍സ് ലിസി ആശുപത്രിയില്‍നിന്ന് പുറപ്പെട്ട് രാത്രി പത്തു മണിയോടെ തിരികെയെത്തി.

ഹൃദയത്തിന്റെ വലത്തേ അറയില്‍നിന്ന് പമ്പ് ചെയ്യുന്ന അശുദ്ധരക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശത്തില്‍ എത്തി പ്രാണവായു ഉള്‍ക്കൊണ്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോര്‍ അടക്കമുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് വേണ്ടത്. എന്നാല്‍ ഈ കുഞ്ഞില്‍ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന രക്തക്കുഴലുകള്‍ പരസ്പരം മാറിയ നിലയിലായിരുന്നു. അതിനാലാണ് അശുദ്ധരക്തം നിറഞ്ഞ് ശരീരം നീല നിറമായത്. ഗുരുതരവും സങ്കീര്‍ണവുമാണ് ഈ സ്ഥിതി.

വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ തുടങ്ങി. രണ്ട് ധമനികളും മുറിച്ചെടുത്ത് പരസ്പരം മാറ്റിവെച്ചു. മഹാധമനിയില്‍നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റര്‍ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. ജെസണ്‍ ഹെന്‍ട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. വി. ബിജേഷ്, ഡോ. ദിവ്യ ജേക്കബ് എന്നിവരും പങ്കാളികളായി. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Content Highlights: TN baby with heart disease gets lease of life in Kochi