തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അതിസങ്കീര്‍ണ ശസ്ത്രക്രിയ അടിയന്തരമായി നടത്തി രോഗിക്ക് പുതുജീവന്‍ നല്കി തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രി. ശ്വാസതടസ്സവും നെഞ്ചുവേദനയുമായെത്തിയ 52-കാരിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് 15 സെന്റീമീറ്റര്‍ നീളവും 600 ഗ്രാം തൂക്കവുമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്താണ് അപകടാവസ്ഥയില്‍ നിന്ന് രക്ഷിച്ചത്.

മേയ് 23-നാണ് പൂന്തുറ സ്വദേശിനിയായ വീട്ടമ്മയെ അത്യാസന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചത്. പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ചികിത്സ നല്കുന്നതിനിടെ ശ്വാസതടസ്സം വര്‍ധിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ കൃത്രിമശ്വാസം നല്‍കിയശേഷം തുടര്‍പരിശോധന നടത്തിയപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് നെഞ്ചിനുള്ളിലേക്ക് വളര്‍ന്ന മുഴ ശ്വാസനാഡിയെയും മഹാധമനിയെയും തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രണവിധേയമാക്കിയശേഷം രോഗിയെ ശസ്ത്രക്രിയാവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് നീക്കം ചെയ്ത മുഴ
തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന്
നീക്കം ചെയ്ത മുഴ

അഡീഷണല്‍ പ്രൊഫസര്‍ ഡോ.ആര്‍.സി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനില്‍സുന്ദരം, ജൂനിയര്‍ റസിഡന്റുമാരായ ഡോ.അവിനാശ്, ഡോ.സിംന, ഡോ.കെവിന്‍, ഡോ.ജയഹരി എന്നിവരടങ്ങുന്ന സംഘം അടിയന്തര ശസ്ത്രക്രിയ നടത്തി. പകുതിയിലധികം ഭാഗവും നെഞ്ചിനുള്ളിലേക്ക് വ്യാപിച്ച് അപകടകരമായ നിലയിലായിരുന്ന മുഴ കഴുത്തിലുണ്ടാക്കിയ മുറിവിലൂടെ അഞ്ച് മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.

അനസ്ത്യേഷ്യ വിഭാഗം പ്രൊഫസര്‍ ഡോ. ബാബുരാജ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നീതാജോസ്, ജൂനിയര്‍ റസിഡന്റ്മാരായ ഡോ. അഞ്ജലി, ഡോ. ശ്രീദേവി, സ്റ്റാഫ് നഴ്സുമാരായ ശിവകാമി, ശില്പ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയാവിഭാഗം മേധാവി പ്രൊഫസര്‍ ഡോ. അബ്ദുല്‍ലത്തീഫ്, മെഡിസിന്‍വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ശ്രീകണ്ഠന്‍, സര്‍ജറിവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. രാജേഷ് എന്നിവര്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കും പൂര്‍ണ പിന്തുണ നല്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് രോഗി വീട്ടിലേക്ക് മടങ്ങി.

Content Highlights: Thyroid tumor which had spread to the chest was surgically removed at Medical College Thiruvananthapuram, Health