Representative Image | Photo: Gettyimages.in
പാലക്കാട്: ജില്ലയിൽ രണ്ടിടങ്ങളിൽ മൂന്നുപേർക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അലനല്ലൂർ, ലക്കിടി-പേരൂർ പഞ്ചായത്തുകളിലാണ് പത്തുവയസ്സിൽത്താഴെയുള്ള കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഇവിടങ്ങളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അലനല്ലൂരിലെ ഒരുചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ രണ്ടുകുട്ടികൾക്ക് വയറിളക്കം മാറാതിരുന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംശയംതോന്നി കുട്ടികളുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ല സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗലക്ഷണംകണ്ട മുതിർന്നവർക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും ഭേദമായതായും പഞ്ചായത്തധികൃതർ പറഞ്ഞു.
ലക്കിടി-പേരൂരിൽ ആറുവയസ്സുകാരനാണ് ഷിഗല്ലരോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ജൂൺ നാലിന് രോഗം സ്ഥിരീകരിച്ചു. രോഗംബാധിച്ച കുട്ടി മാതാപിതാക്കളോടൊപ്പം ദിവസങ്ങൾക്കുമുമ്പ് പട്ടാമ്പിയിലേക്ക് പോയിരുന്നതായും ഹോട്ടലുകളിൽനിന്ന് ആഹാരം കഴിച്ചിരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഒറ്റപ്പാലത്ത് ചികിത്സയിലുള്ള കുട്ടിയുടെ സഹോദരങ്ങൾക്കും രോഗലക്ഷണങ്ങളുള്ളതായി ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഷിഗല്ല
ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
രോഗലക്ഷണങ്ങൾ
- വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം
- ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കം ഉണ്ടാവുമ്പോൾ രക്തവും പുറന്തള്ളപ്പെടാം
- രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണും. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല.
- രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്
മലിനജലം, കേടായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
മുൻകരുതലുകൾ
- പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം
- തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
- ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക
- തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയാംവിധം സംസ്കരിക്കുക
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
- വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായരീതിയിൽ നിർമാർജനം ചെയ്യുക
- രോഗലക്ഷണമുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
- പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
- ഭക്ഷണ പാകംചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുക
- ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം, പാകംചെയ്ത് പലതവണ ചൂടാക്കിക്കഴിക്കുന്ന രീതി ഉപേക്ഷിക്കുക
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
- വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
- പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
- രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
- ഹോട്ടലുകളിൽ ജോലിചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർ ജോലിചെയ്യുന്നില്ല എന്നും ഹോട്ടലുടമകൾ ഉറപ്പുവരുത്തണം
Content Highlights: three shigella cases reported in palakkad, shigella symptoms and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..