കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപവത്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വികസനത്തിന്റെ ആദ്യപടിയാണിത്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കാര്‍ഡിയോളജി ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചര്‍ച്ചചെയ്തു.

ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളും സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും മന്ത്രി ചര്‍ച്ചചെയ്തു. ഹൃദയശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിച്ച സാഹചര്യത്തിലാണ് ജനറല്‍ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശനത്തിനെത്തിയത്.

സ്‌പെഷ്യാലിറ്റി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ എല്ലാ ജില്ലകളിലും എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ നടന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെയും ജനറലാശുപത്രിയിലെ മറ്റ് ടീമിന്റെയും കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായത്. കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യ മേഖലയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഹൃദയ ശസ്ത്രക്രിയ നടന്നത്. ഇതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോണ്‍, ആശുപത്രി വികസന സമിതി ചെയര്‍മാന്‍ ഡോ. ജുനൈദ് റഹ്‌മാന്‍, ഹൃദയശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സാധാരണക്കാരന് ആശ്വാസം

ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറി ആരംഭിച്ചതോടെ ആശ്വാസത്തിലാകുന്നത് സാധാരണക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ശസ്ത്രക്രിയയാണ് സൗജന്യമായി ഇവിടെ ലഭിക്കുക. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമേ ഈ സൗകര്യമുള്ളു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.

കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്കു പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും ആശുപത്രിയില്‍ ആരംഭിച്ചത്. ബൈപ്പാസ് ശസ്ത്രക്രിയ കൂടാതെ, വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയത്തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിനും ജനറല്‍ ആശുപത്രി സജ്ജമാക്കും.

ജീവിതം തിരികെപ്പിടിച്ച് പ്രസാദ്

എറണാകുളം ജനറല്‍ ആശുപത്രി പുതിയ നേട്ടത്തിലേക്ക് കുതിക്കുമ്പോള്‍ ഹൃദയമിടിച്ച് പ്രസാദ് ജീവിതത്തിലേക്ക് നടന്നുകയറും. ഏഴിക്കര സ്വദേശിയായ പ്രസാദിന് (54) ഒരുമാസം മുമ്പാണ് ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയത്. ഹൃദയ ശസ്ത്രക്രിയ നടത്താന്‍ മൂന്നു ലക്ഷം രൂപ ചെലവ് വരുമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പള്ളിയാക്കല്‍ സഹകരണ ബാങ്കില്‍ താത്കാലിക ഡ്രൈവറായി ജോലിചെയ്യുന്ന പ്രസാദിന് ഇതു താങ്ങാന്‍ കഴിയുന്നതല്ല. ജനറല്‍ ആശുപത്രിയിലെത്തിയ പ്രസാദിന് സൗജന്യമായാണ് ശസ്ത്രക്രിയ സാധ്യമായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖംപ്രാപിച്ചു വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രസാദിന്റെ ഭാര്യാസഹോദരന്‍ ദേവദാസിനെ കണ്ട് എല്ലാ സൗകര്യങ്ങളും മന്ത്രി ഉറപ്പുനല്‍കി. പ്രസാദിന്റെ സഹോദരന്‍ പ്രദീപും മറ്റു ബന്ധുക്കളും ആശുപത്രിയിലുണ്ട്. ഭാര്യയും ബി.കോമിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് പ്രസാദിന്റെ കുടുംബം.

Content Highlights: This is the first time in India that heart surgery has been performed at a district level government