-
അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സൗഹൃദാന്തരീക്ഷമൊരുക്കാന്‍ ജനറല്‍ ആശുപത്രിയില്‍ സമഗ്ര വികസനം. സ്ഥലപരിമിതികളും അസൗകര്യങ്ങളും അവസാനിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാനിന്റെ ആദ്യഘട്ടത്തിന് അംഗീകാരമായി. 143.06 കോടി രൂപയുടെ അനുമതിയാണ് ആദ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കിഫ്ബി വഴിയാണ് തുക ലഭ്യമാക്കുക. ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച വിശദമായ ഡി.പി.ആര്. ആരോഗ്യ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
മൂന്നു ഘട്ടമായി നടപ്പാക്കും
മൂന്നു ഘട്ടമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒന്നാം വാര്‍ഡ് നില്ക്കുന്ന ഭാഗത്ത് അഞ്ചു നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുക. ട്രോമാകെയര്‍, കാഷ്വാലിറ്റി, ഒ.പി. വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനാണ് കെട്ടിടം. തൊറാസിക് സര്ജന്, പ്ലാസ്റ്റിക് സര്ജന്, പീഡിയാട്രിക് സര്ജന് എന്നിവ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുദിവസം രണ്ടായിരത്തോളം രോഗികളാണ് ആശുപത്രിയിലെത്തുന്നത്. അടുത്ത ഘട്ടത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒമ്പതാം വാര്‍ഡിനെ മാറ്റും.
മെഡിക്കല്‍ കോളേജ്
ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും യോജിപ്പിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെട്ടിടം സ്ഥാപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് എന്ന പേരു നല്കിയ സ്ഥാപനത്തില്‍ നൂറ് സീറ്റിലേക്കു പ്രവേശനം നല്കാന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. എന്നാല്‍, എല്‍.ഡി.എഫ്. സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
മെഡിക്കല്‍ കോളേജിനായി 8 കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം കഴിഞ്ഞ് നാലുവര്‍ഷം പിന്നിടുമ്പോള്‍ കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടു നിലകളില്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ സിമുലേഷന്‍ ലാബ് ആരംഭിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
സമഗ്ര വികസനം പൂര്‍ത്തീകരിക്കുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളിലും ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലെത്തുമെന്നാണ് അധികൃതരുടെ വാദം. മികച്ച ചികിത്സാസൗകര്യങ്ങള്ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

സമഗ്ര വികസനം
പൈതൃകക്കെട്ടിടത്തില് വലിയ മാറ്റങ്ങളുണ്ടാവില്ലെങ്കിലും അത്യാഹിത വിഭാഗം, അസ്ഥിരോഗ വിഭാഗം, സര്‍ജറി, ടിക്കറ്റ് കൗണ്ടര്‍ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനാണ് പ്രധാന മാറ്റംവരുക. ഒ.പി. വിഭാഗങ്ങളിലാണ് മാസ്റ്റര്‍പ്ലാനിന്റെ കൂടുതല്‍ വികസനങ്ങള്‍ വരിക. ട്രോമാകെയറും ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും കൂടും. ആശുപത്രിക്കുള്ളിലെ റോഡുകളും നവീകരിക്കും.
സോളാര്‍ വാട്ടര്‍ ഹീറ്ററും ആശുപത്രിയില്‍ സ്ഥാപിക്കും. കൂടാതെ മഴവെള്ള സംഭരണികളും സമഗ്രവികസനത്തില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ ആശുപത്രിയിലെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനാണ് മഴവെള്ള സംഭരണികള്‍. ജലവിതരണത്തിനും മാലിന്യ നീക്കത്തിനുമുള്ള പൈപ്പ് ലൈനുകളും കൂടുതലായി സ്ഥാപിക്കും.
ശൗചാലയങ്ങള്‍, ട്രോമാ കെയര്‍, റിസപ്ഷന് എന്നിവയും പുതുതായി ഒരുക്കും. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനാമുറിയും വിശാലമാക്കും.
13 പേര്‍ക്ക് സഞ്ചരിക്കാവുന്നതും 20 പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ പാസഞ്ചര്‍ ലിഫ്റ്റ് സജ്ജീകരിക്കും. 20 ടണ്‍ ശേഷിയുള്ള ഗുഡ്സ് ലിഫ്റ്റും സ്ഥാപിക്കും. 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റ് ഒരു സെക്കന്‍ഡില്‍ ഒരു മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും.
എല്ലാം നിരീക്ഷണത്തില്‍
ആശുപത്രി മുഴുവന്‍ നിരീക്ഷണവലയത്തിലാകും. നൂറിലേറെ സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിക്കുക. കൂടാതെ സുരക്ഷാ ജീവനക്കാരുടെ കൈയില്‍ ഉള്‍പ്പെടെ ഇന്റര്‍കോം സേവനങ്ങളും ലഭ്യമാക്കും. രോഗികളുടെ കിടക്കയ്ക്കരികില്‍ നഴ്സുമാരെ വിളിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മെഡിക്കല്‍ ഗ്യാസും ഓരോ കിടക്കയ്ക്കും ലഭ്യമാക്കും. ആദ്യഘട്ട അനുമതി മാത്രമാണ് ലഭ്യമായിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിശദമായ പദ്ധതിരേഖയ്ക്ക് അംഗീകാരം ലഭിച്ചു. കിഫ്ബിയുടെ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ അംഗീകാരം ലഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.
സ്ഥലപരിമിതി
ഒരു മെഡിക്കല്‍ കോളേജിനുള്ള ചികിത്സാസൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയില്‍ ഏറെ ബുദ്ധിമുട്ടാണ് ആശുപത്രിയില്‍ അനുഭവപ്പെടുന്നത്. ഒ.പി. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ആ പരിമിതി തുടങ്ങും. അത്യാഹിത വിഭാഗവും ഒ.പി.യും ലാബും എല്ലാം പരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ്. രോഗികള്‍ക്ക് ആനുപാതികമായ ഇരിപ്പിടം, ശൗചാലയം എന്നിവയൊന്നും ആശുപത്രിയിലില്ല. ലാബ്, മെഡിക്കല്‍ ഒ.പി. എന്നിവിടങ്ങളില്‍ നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാതെ രോഗികളെല്ലാം വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്.
മെഡിക്കല്‍ കോളേജിന്റെ ഭാരം കുറയും
മെഡിക്കല്‍ കോളേജിന്റെ ഭാരംകുറയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വി.കെ.പ്രശാന്ത് എം.എല്‍.എ. പറയുന്നത്. ഇതിനെല്ലാമൊപ്പം ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യം, കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവയും സജ്ജീകരിക്കുമെന്ന് അദ്ദേഹം പറയുന്നു.
Content Highlights: Thiruvananthapuram General Hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..